പൂനെ: ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമായുള്ള അകലം കുറക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ടെസ്റ്റില്‍ വലിയൊരു ഇന്നിംഗ്സ് അനിവാര്യമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന കോലിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും വലിയ സ്കോര്‍ നേടാനായില്ല.

ഈ വര്‍ഷം കളിച്ച നാലു ടെസ്റ്റില്‍ 35 റണ്‍സ് ശരാശരിയില്‍ 210 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതിനിടെ ഐസിസി ടെസ്റ്റ് റേറ്റിംഗ് പോയന്റില്‍ 2018നുശേഷം ആദ്യമായി 900 പോയന്റിന് താഴെയെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ വലിയൊരു ഇന്നിംഗ്സ് കോലിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യ ടെസ്റ്റില്‍ ഇടം കൈയന്‍ സ്പിന്നര്‍ സെനുരാന്‍ മുത്തുസ്വാമിയുടെ പന്തിലാണ് കോലി പുറത്തായത്. അതുകൊണ്ടുതന്നെ ഇത്തവണ ഇടം കൈയന്‍ സ്പിന്നര്‍മാരെ കരുതലോടെ നേരിടാനിറങ്ങിയ കോലിക്ക് പക്ഷെ നെറ്റ്സില്‍ രവീന്ദ്ര ജഡേജയുടെ പന്തിന് മുന്നില്‍ അടിതെറ്റി. ഫ്രണ്ട് ഫൂട്ടില്‍ കയറി കളിച്ച കോലിയെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു.