പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലി ഒരുപിടി റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്. കരിയറിലെ ഏഴാം ഡബിള്‍ സെഞ്ചുറി നേടിയ കോലി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമായിരുന്നു.

കരിയറില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ച രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഏതെന്ന് വ്യക്തമാക്കുകയാണ് കോലി ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍. ക്യാപ്റ്റനായതിനുശേഷമാണ് താന്‍ വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ തുടങ്ങിയതെന്നും കോലി പറഞ്ഞു.

ക്യാപ്റ്റനായതോടെ ഉത്തരാവാദിത്തം കൂടി. പരമാവധി നേരം ബാറ്റ് ചെയ്യാനും ടീം സ്കോറിലേക്ക് മികച്ച സംഭാവന നല്‍കണമെന്നുമുള്ള ചിന്ത കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു. കരിയറില്‍ ഏഴ് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ആന്റിഗ്വയില്‍ നേടിയ ഇരട്ട സെഞ്ചുറിയും മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയുമാണ് ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ചതെന്ന് കോലി പറഞ്ഞു.

പൂനെയിലെ ചൂടേറിയ കാലാവസ്ഥയില്‍ ബാറ്റ് ചെയ്യുക കഠിനമായിരുന്നുവെന്നും കോലി വ്യക്തമാക്കി. പ്രത്യേകിച്ച് ജഡേജയുടെ കൂടെ ബാറ്റ് ചെയ്യുമ്പോള്‍ അതിവേഗത്തില്‍ റണ്ണിനായി ഓടേണ്ടിവരും. ജഡേജയുടെ പിന്തുണയാണ് അതിവേഗം 600 റണ്‍സിലെത്താന്‍ സഹായകരമായത്. ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താനായത് വലിയ നേട്ടമായെന്നും കോലി പറഞ്ഞു.