തന്‍റെ രണ്ട് ഓവറുകള്‍ക്കിടെ തന്നെ 37 റണ്‍സ് വഴങ്ങിയതോടെ അര്‍ഷ്‌ദീപ് സിംഗിന് നാല് ഓവര്‍ ക്വാട്ട ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയില്ല
പൂനെ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ നോബോളുകള്‍ എറിഞ്ഞ് എയറിലാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന താരം രണ്ടാം മത്സരത്തിന് വേണ്ടത്ര പരിശീലനമോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് ഇറങ്ങിയത് എന്ന് വ്യക്തമാക്കുന്നതായിരുന്നു അദേഹത്തിന്‍റെ പന്തുകള്‍. പൂനെയിലെ മോശം ബൗളിംഗിന് അര്‍ഷ് രൂക്ഷ വിമര്‍ശനം നേരിടുമ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. മത്സര പരിശീലനത്തിന്‍റെ അഭാവമാണ് അര്‍ഷ്‌ദീപിന് തിരിച്ചടിയായത് എന്ന് ഡികെ ട്വീറ്റ് ചെയ്‌തു.
തന്‍റെ രണ്ട് ഓവറുകള്‍ക്കിടെ തന്നെ 37 റണ്‍സ് വഴങ്ങിയതോടെ അര്‍ഷ്‌ദീപ് സിംഗിന് നാല് ഓവര്‍ ക്വാട്ട ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയില്ല. ഉമ്രാന്‍ മാലിക് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അര്‍ഷിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. അര്‍ഷ്‌ദീപ് മോശം പ്രകടനം പുറത്തെടുത്ത പൂനെ ട്വന്‍റി 20യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 16 റൺസിന്‍റെ തോൽവി നേരിട്ടു. ലങ്കയുടെ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സറും സഹിതം പുറത്താകാതെ 56 റണ്‍സെടുത്ത അര്‍ഷ് അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായ അര്‍ഷ്‌ദീപ് കൃത്യതയും യോര്‍ക്കറുകളും കൊണ്ടാണ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഈ ധാരണകളെല്ലാം തകിടം മറിക്കുന്നതായി പൂനെയിലെ അര്‍ഷിന്‍റെ പ്രകടനം. തന്‍റെ ആദ്യ ഓവറില്‍ മൂന്ന് നോബോളുകള്‍ സഹിതം 19 റണ്‍സ് അര്‍ഷ്‌ദീപ് വഴങ്ങിയതിലാണ് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ആത്മവിശ്വാസമെല്ലാം കൊഴിഞ്ഞുപോയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം രാജ്യാന്തര ടി20യില്‍ ഒരോവറില്‍ ഹാട്രിക് നോബോളുകള്‍ എറിയുന്നത്. രണ്ടാം ഓവറില്‍ രണ്ട് നോബോള്‍ കൂടി എറിഞ്ഞതോടെ ആകെ അഞ്ചെണ്ണവുമായി മറ്റൊരു മോശം റെക്കോര്‍ഡും അര്‍ഷ്‌ദീപിന്‍റെ പേരിലായി.
അക്‌സറിന്‍റെ സിക്‌സര്‍ മഴ പാഴായി; പൂനെ ട്വന്‍റി 20യില്‍ ഇന്ത്യക്ക് തോല്‍വി
