ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിന് കാരണം മോശം ഗ്രൗണ്ട് സജ്ജീകരണങ്ങളാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ  വെളിപ്പെടുത്തലുമായി അസം ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേവ്‌ജിത് സൈക്യ. അമ്പയര്‍മാര്‍ അവസാനവട്ട പിച്ച് പരിശോധനക്കായി ഗ്രൗണ്ടിലിറങ്ങിയത് 9.30നായിരുന്നു. എന്നാല്‍ ഇതിന് അര മണിക്കൂര്‍ മുമ്പെ ഇരു ടീമിലെയും ഭൂരിഭാഗം കളിക്കാരും സ്റ്റേഡിയം വിട്ടിരുന്നതായി സൈക്യ വെളിപ്പെടുത്തി.

മത്സരം ഉപേക്ഷിച്ചതായി ഔദ്യോഗികമായി അറിയിപ്പ് വന്നത് 9.54നാണ്. എന്നാല്‍ അതിന് മുമ്പെ കളിക്കാര്‍ സ്റ്റേഡിയം വിട്ടിട്ടും അമ്പയര്‍മാരും മാച്ച് റഫറിയും പിന്നെയും പിച്ച് പരിശോധനക്ക് ഇറങ്ങിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സൈക്യ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 8.45ന് മുമ്പ് ഗ്രൗണ്ട് മത്സരയോഗ്യമാക്കിയില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുമെന്ന് ഗ്രൗണ്ട് സ്റ്റാഫിനോട് മാച്ച് ഒഫീഷ്യല്‍സ് വ്യക്തമാക്കിയിരുന്നതായും സൈക്യ പറഞ്ഞു.

ഒരു മണിക്കൂര്‍ മഴ തകര്‍ത്തു പെയ്തശേഷം കേവലം 57 മിനിറ്റ് മാത്രമാണ് ഗ്രൗണ്ട് മത്സരയോഗ്യമാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന് ലഭിച്ചത്. കുറച്ചു കൂടി സമയം അനുവദിച്ചിരുന്നെങ്കില്‍ മത്സരം നടത്താനാവുമായിരുന്നുവെന്നും സൈക്യ പറഞ്ഞ‌ു. പിച്ച് മത്സരയോഗ്യമാക്കനായി സ്റ്റീം അയണും ഡ്രയറും വരെ ഉപയോഗിച്ച ഗ്രൗണ്ട് സ്റ്റാഫിന്റെ നടപടികള്‍ ട്രോളുകള്‍ക്കും വിമര്‍ശനത്തിനും കാരണമായിരുന്നു.