ഇന്നത്തെ മത്സരവും മഴയെടുക്കാനാണ് സാധ്യത. അക്യുവെതര്‍ പ്രകാരം മത്സരത്തിന് മുമ്പ് മഴ പെയ്യാനുള്ള സാധ്യത 84 ശതമാനമാണ്. അതുകൊണ്ടുതന്നെ ടോസ് വൈകും. ഇടിയോട് കൂടി മഴയെത്തുമെന്നാണ് പ്രവചനം.

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യ - ശ്രീലങ്ക മത്സരവും മഴ മുടക്കാന്‍ സാധ്യത. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊളംബോ പ്രമദാസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരം മഴ തടസപ്പെടുത്തിയുന്നു. പിന്നീട് റിസര്‍വ് ദിനത്തിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ന് മഴ കളി മുടക്കിയാലും റിസര്‍വ് ദിനമില്ല. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോയിന്റ് പങ്കിടും.

ഇന്നത്തെ മത്സരവും മഴയെടുക്കാനാണ് സാധ്യത. അക്യുവെതര്‍ പ്രകാരം മത്സരത്തിന് മുമ്പ് മഴ പെയ്യാനുള്ള സാധ്യത 84 ശതമാനമാണ്. അതുകൊണ്ടുതന്നെ ടോസ് വൈകും. ഇടിയോട് കൂടി മഴയെത്തുമെന്നാണ് പ്രവചനം. എന്നാല്‍ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) വരുന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന തെളിഞ്ഞ ആകാശമാണെന്നാണ്. മഴയ്ക്കുള്ള സാധ്യത പിന്നീട് 55 ശതമാനമായി കുറയും. എന്നാലും ഓവറുകള്‍ വെട്ടിചുരുക്കിയുള്ള മത്സരമായിരിക്കും കൊളംബോയിലേത്.

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഓരോ മത്സരങ്ങൡ നിന്ന് രണ്ട് പോയിന്റ് വീതമാണുള്ളത്. ഇന്ത്യ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 228 റണ്‍സിനാണ് തകര്‍ത്തത്. ശ്രീലങ്ക ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാം. ബംഗ്ലാദേശിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. പാകിസ്ഥാന് രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്. ഇന്ത്യ ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറിലെ പാക് - ശ്രീലങ്ക പോര് നിര്‍ണായകമാവും.

ഇന്ത്യ സാധ്യത ഇവലന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ / ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് / മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.