ദക്ഷിണാഫ്രിക്കയുടെ ഒന്നാം സ്ഥാനത്തിന് അധികം ആയുസ് കാണുമെന്ന് തോന്നുന്നില്ല. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ മുംബൈ വാംഖഡെയില്‍ ഇന്ത്യ ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് പിന്നാലെ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി ദക്ഷണാഫ്രിക്ക. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 12 പോയിന്റാണുള്ളത്. കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചു. തോറ്റത് ഇത്തിരിക്കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനോട്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ 190 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനും അവര്‍ക്ക് സാധിച്ചു. +2.290 നെറ്റ് റണ്‍റേറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം സ്ഥാനത്തിന് അധികം ആയുസ് കാണുമെന്ന് തോന്നുന്നില്ല. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ മുംബൈ വാംഖഡെയില്‍ ഇന്ത്യ ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. ലോകകപ്പില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്. ആറ് മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞില്ല. ഇന്ന് താരതമ്യേന ദുര്‍ബലായ ശ്രീലങ്കയെ അനായാസം തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത്തും സംഘവും. ഇന്ന് തോറ്റാല്‍ ലങ്കയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. ആറ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള അവര്‍ ഏഴാമതാണ്.

പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ഓസീസ് പരാജയപ്പെടുകയുണ്ടായി. എന്നാല്‍ തിരിച്ചടിച്ച ഓസീസ് ആദ്യ നാലിലെത്തുകയായിരുന്നു. ശനിയാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഓസീസിന്റെ അടുത്ത മത്സരം. അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോട് ന്യൂസിലന്‍ഡിന്റെ സെമി പ്രതീക്ഷകള്‍ക്ക് നേരിയ മങ്ങലേറ്റു. നാലാം സ്ഥാനത്തേക്കിറങ്ങിയ കിവീസിന് നിലവില്‍ എട്ട് പോയിന്റാണുള്ളത്. ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരോടും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു. അവരുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. 

ഇനി പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് ന്യൂസിലന്‍ഡിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ശനിയാഴ്ച്ച ചിന്നസ്വാമിയില്‍ നടക്കുന്ന പാക്-കിവീസ് പോരാട്ടം വ്യക്തമായ ചിത്രം നല്‍കും. കിവീസ് ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കും സെമി സാധ്യത വര്‍ധിച്ചിട്ടുണ്ട്.

അത്ര പെട്ടന്നൊന്നും പാകിസ്ഥാന്‍, ഇന്ത്യ വിടില്ല! കിവീസിന്‍റെ തോല്‍വിയില്‍ ഗുണം കിട്ടിയത് ബാബറിനും സംഘത്തിനും