ഇഷാനും സൂര്യയും കളിച്ചേക്കും; കാര്യവട്ടത്ത് ലങ്കയ്ക്കെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ- സാധ്യതാ ഇലവന്
വിശ്രമം ലഭിക്കാന്‍ സാധ്യതയുള്ള രണ്ട് ബാറ്റര്‍മാര്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ്. ഇരുവരും മികച്ച ഫോമിലാണ്. എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയേക്കും. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷം ഇഷാന്‍ ഏകദിന ജേഴ്‌സിയില്‍ കളിച്ചിട്ടില്ല.

തിരുവനന്തപുരം: നാളെ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അവസാന ഏകദിനത്തിനിറങ്ങുകയാണ് ഇന്ത്യ. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുന്നാം ഏകദിനത്തില്‍ പ്രാധാന്യമൊന്നുമില്ല. പരമ്പര തൂത്തുവാരുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. അതോടൊപ്പം ടീമില്‍ മാറ്റങ്ങളുണ്ടാവാനും സാധ്യതയേറെയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച ടീമിലെ താരങ്ങള്‍ക്ക് ചിലര്‍ക്കെങ്കിലും വിശ്രമം ലഭിച്ചേക്കും.
വിശ്രമം ലഭിക്കാന്‍ സാധ്യതയുള്ള രണ്ട് ബാറ്റര്‍മാര്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ്. ഇരുവരും മികച്ച ഫോമിലാണ്. എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയേക്കും. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷം ഇഷാന്‍ ഏകദിന ജേഴ്‌സിയില്‍ കളിച്ചിട്ടില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും. ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവിനെ പരീക്ഷിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും സൂര്യയെ കളിപ്പിച്ചിരുന്നില്ല. ടി20യില്‍ മികച്ച ഫോമിലാണെങ്കില്‍ പോലും ഏകദിനത്തിലേക്ക് വരുമ്പോള്‍ സൂര്യ ആ മികവ് കാണിക്കുന്നില്ല. അവസാന പത്ത് ഏകദിന ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സൂര്യക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് ആദ്യ രണ്ട് ഏകദിനങ്ങള്‍ക്ക് പരിഗണിക്കാതിരുന്നത്.
സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും മൂന്നാം ഏകദിനത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ട്. പകരം വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനാണ് സാധ്യത. ദീര്‍ഘനാളായി സുന്ദര്‍ ടീമിനൊപ്പമുണ്ട്. രണ്ടാം ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ചായ കുല്‍ദീപ് യാദവ് ടീമില്‍ തുടരും. പേസര്‍മാരില്‍ ഉമ്രാന്‍ മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗ് കളിക്കാനും സാധ്യത കാണുന്നുണ്ട്.
ഇന്ത്യയുടെ സാധ്യതാ ടീം: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്/ അര്‍ഷ്ദീപ് സിംഗ്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍; ദര്‍ശനത്തിനായി എത്തുന്ന വീഡിയോ കാണാം