ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായില്‍ രാത്രി എട്ടിനാണ് മത്സരം. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി എട്ടിന് ദുബായിലാണ് മത്സരം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തേക്കാള്‍ ഞായറാഴ്ചത്തെ പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടം ആയിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും മനസ്സില്‍. ടീം ഇന്ത്യയുടെ ലക്ഷ്യം കൃത്യമായ ഒരുക്കം. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലൈവിലും തത്സമയം കാണാനാകും.

ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ മലയാളിതാരം സഞ്ജു സാംസന്റെ സ്ഥാനം തുലാസിലായി. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഗില്‍ ഓപ്പണറായാല്‍ സഞ്ജുവിന് മധ്യനിരയില്‍ ഇടംകിട്ടുക പ്രയാസം. പരിശീലന സെഷനുകളില്‍ നിന്ന് കിട്ടുന്ന വ്യക്തമായ സൂചന വിക്കറ്റ് കീപ്പറായി ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത് ജിതേഷ് ശര്‍മയെ ആണെന്നുള്ളതാണ്. തിലക് വര്‍മയും സൂര്യകുമാറും ചേരുമ്പോള്‍ ബാറ്റിംഗ് നിര പൂര്‍ണമാവും. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പണ്ഡ്യയും അക്‌സര്‍ പട്ടേലും. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഹര്‍ഷിത് റാണ പുതിയ പന്തെറിയുമ്പോള്‍ സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും.

ലാല്‍ചന്ദ് രജ്പുത് പരിശീലിപ്പിക്കുന്ന യുഎഇ നിരയില്‍ ഗില്ലിനൊപ്പം കളിച്ചിട്ടുള്ള പഞ്ചാബിതാരം സിമ്രാന്‍ജീത് സിംഗ് ഉള്‍പ്പടെ ഇന്ത്യന്‍ സാന്നിധ്യമേറെ. ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്തുനില്‍ക്കുകയാവും യുഎഇയുടെ വെല്ലുവിളി. ഇരുടീമും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത് ഒറ്റത്തവണ, 2015 ലോകകപ്പില്‍. ഇന്ത്യ ഒന്‍പത് വിക്കറ്റിന് ജയിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നും ഇന്ത്യ ആധികാരിക ജയം നേടുമെന്നുറപ്പ്.

ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം

സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ vs ഹോങ്കോംഗ്

സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ vs യുഎഇ

സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്

സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ vs ഒമാന്‍

സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക

സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ vs പാകിസ്ഥാന്‍

സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക vs ഹോങ്കോംഗ്

സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ vs യുഎഇ

സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ vs ഒമാന്‍

YouTube video player