ചെന്നൈ: ഷെല്‍ഡണ്‍ കോട്രല്‍ ഭീഷണിയായപ്പോള്‍ വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ഏഴ് ഓവറില്‍ 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നീലപ്പടയ്‌ക്ക് നഷ്‌ടമായി. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ലോകേഷ് രാഹുലിനെയും(6), അവസാന പന്തില്‍ നായകന്‍ വിരാട് കോലിയെയും(4) കോട്രല്‍ പറഞ്ഞയച്ചു. രാഹുലിനെ ഹെറ്റ്‌മയറിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ കോലിയെ ബൗള്‍ഡാക്കുകയായിരുന്നു.

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 33-2 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ്മയും(20), ശ്രേയസ് അയ്യരുമാണ്(4) ക്രീസില്‍.

ചെപ്പോക്കില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന ചെന്നൈ പിച്ചില്‍ രണ്ട് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യയിറങ്ങിയത്. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാര്‍. പരിക്കുമൂലം വിട്ടുനിന്നിരുന്ന കേദാര്‍ ജാദവിന്‍റെ തിരിച്ചുവരവും ശ്രദ്ധേയമാണ്. ചെന്നൈയില്‍ ഇതുവരെ നടന്ന 21 ഏകദിനങ്ങളില്‍ ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 239 മാത്രം ആണ്.