ഫ്ലോറിഡ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഏഴോവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ്. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും മൂന്ന് റണ്‍സോടെ കീറോണ്‍ പൊള്ളാര്‍ഡും ക്രീസില്‍.

തുടക്കത്തില്‍ പേസ് ബൗളിംഗിനെ സഹായിക്കുമെന്ന് കരുതിയ പിച്ചില്‍ ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ജോണ്‍ കാംപ്‌ബെല്ലിനെ മടക്കി സുന്ദര്‍ വിന്‍ഡീസ് തകര്‍ച്ചക്ക് തുടക്കമിട്ടു. രണ്ടാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള എവിന്‍ ലൂയിസിനെ(0) ബൗള്‍ഡാക്കി.

അടുത്തടുത്ത പന്തുകളില്‍ നിക്കോളാസ് പൂരനെയും(20) ഷിമ്രോണ്‍ ഹെറ്റ്മെയറെയും(0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി നവദീപ് സെയ്നി വിന്‍ഡീസിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അഞ്ചാം ഓവറില്‍ ഖലീല്‍ അഹമ്മദ് റൊവ്മാന്‍ പവലിനെയും(4) വീഴ്ത്തിയതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.