ജമൈക്ക: ഇന്ത്യ- വിൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കിംഗ്സ്റ്റണിൽ തുടക്കമാവും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് കളി തുടങ്ങുക. ആദ്യ ടെസ്റ്റ് ജയിച്ചതിനാൽ ഈമത്സരം സമനിലയിലായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിലും മുഴുവൻ പോയിന്‍റിൽ കുറഞ്ഞതൊന്നും ടീം ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഋഷഭ് പന്തിന്‍റെ മങ്ങിയ ഫോം മാത്രമാണ് ഇന്ത്യയുടെ ആശങ്ക. ധോണിയുടെ പിൻഗാമിയായി കാണുന്ന പന്തിന് ഈ പര്യടനത്തിലെ ഏഴ് ഇന്നിംഗ്‌സിൽ ഒറ്റ അ‍ർധസെഞ്ചുറിയെ നേടാനായിട്ടുള്ളൂ. എങ്കിലും പന്തിന് പകരം സാഹ ടീമിലെത്താനുള്ള സാധ്യത കുറവാണ്.

രാഹുലിനൊപ്പം മായങ്ക് അഗർവാൾ തന്നെയായിരിക്കും ഓപ്പണർ. പുജാരയും കോലിയും രഹാനെയും വിഹാരിയും അണിനിരക്കുന്ന ബാറ്റിംഗ് നിരയില്‍ മാറ്റമുണ്ടാവില്ല. ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റ് വീഴ്‌ത്തിയ ഇശാന്ത് ശർമ്മയും ആറ് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുമ്രയും ബാറ്റിംഗിലും ബൗളിംഗിലും ശോഭിച്ച രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും. രോഹിത്തിനും അശ്വിനും ബ‍ഞ്ചിൽ തന്നെയാവും സ്ഥാനം. 

വിൻഡീസ് ടീമിൽ ആശങ്കകൾ മാത്രമാണുള്ളത്. ആദ്യ ടെസ്റ്റിൽ ഒറ്റയാൾക്കും അർധസെഞ്ചുറിയിൽ പോലും എത്താനായില്ല. പേസർ കീമോ പോൾ പരുക്ക് മാറിയെത്തുന്നത് അൽപം ആശ്വാസമാണ്. ഷിമ്രോൺ ഹെറ്റ്മെയർ, ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ് എന്നിവർ ബാറ്റിംഗ് ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് വിൻഡീസ് നായകൻ ജേസൺ ഹോൾഡർ.