വിശാഖപട്ടണം: സെഞ്ചുറിപ്പൂരവുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സടിച്ചു.

വെടിക്കെട്ട് തുടക്കം

ഓപ്പണിംഗ് വിക്കറ്റില്‍ 227 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ രോഹിത്തിനെക്കാള്‍ ആക്രമിച്ചു കളിച്ചത് രാഹുലായിരുന്നു. 104 പന്തില്‍ 102 റണ്‍സെടുത്ത രാഹുല്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി. എട്ട് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. രാഹുല്‍ പുറത്താവുമ്പോള്‍ 37 ഓവറില്‍ ഇന്ത്യ 227ല്‍ എത്തിയിരുന്നു.

ദേ വന്നു ...ദേ പോയി കോലി

രോഹിത് രാഹുല്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചു തകര്‍ത്തപ്പോള്‍ വിശാഖപട്ടണത്തിലെ കാണികള്‍ നിരാശരായത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിംഗ്സ് കാണാനാവാത്തതിലായിരുന്നു. രാഹുല്‍ പുറത്തായശേഷം ക്രീസിലെത്തിയ കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്തായി.

കരുത്തോടെ ഹിറ്റ്മാന്‍

പതിവുപോലെ പതുങ്ങി തുടങ്ങി അടിച്ചുതകര്‍ക്കുന്നതായിരുന്നു ഇത്തവണയും രോഹിത്തിന്റെ ശൈലി. 107 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് 138 പന്തില്‍ 159 റണ്‍സടിച്ചാണ് പുറത്തായത്. കരിയറിലെ നാലാം ഡബിള്‍ രോഹിത് സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും കോട്രല്ലിന്റെ പന്തില്‍ ഷായ് ഹോപ്പിന് പിടികൊടുത്ത് രോഹിത് മടങ്ങി. രോഹിത്തിനറെ 28-ാം ഏകദിന സെഞ്ചുറിയാണിത്.

പന്താട്ടം

രോഹിത് ശര്‍മ പുറത്തായശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് വന്നപാടെ അടി തുടങ്ങി. കോട്രലിന്റെ ഒരോവറില്‍ പന്ത് രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 24 റണ്‍സടിച്ചപ്പോള്‍ റോസ്റ്റണ്‍ ചേസിന്റെ അടുത്ത ഓവറില്‍ 31 റണ്‍സടിച്ച് ശ്രേയസ് അയ്യരും കരുത്തുകാട്ടി. രണ്ടോവറില്‍ മാത്രം ഇന്ത്യ അടിച്ചുകൂട്ടിയത് 55 റണ്‍സ്. അവസാന 10 ഓവറില്‍ മാത്രം 127 റണ്‍സ് അടിച്ചു കൂട്ടിയതോടെ 330ന് അടുത്ത ലക്ഷ്യം വെച്ച ഇന്ത്യ 350 കടന്ന് കുതിച്ചു.

16 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും പറത്തി ഋഷഭ് പന്ത് 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും സഹിതം 53 റണ്‍സടിച്ച് ശ്രേയസ് അയ്യര്‍ ഏകദിനത്തിലെ തുടര്‍ച്ചയായ അഞ്ചാം അര്‍ധസെഞ്ചുറി കുറിച്ചു. അവസാന ഓവറില്‍ കേദാര്‍ ജാദവിന്റെ വെടിക്കെട്ട് കൂടിയായപ്പോള്‍ (10 പന്തില്‍ 16) ഇന്ത്യ 387ല്‍ എത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങിയത്. ശിവം ദുബെക്ക് പകരം ശാര്‍ദുല്‍ താക്കൂര്‍ ടീമിലെത്തി.