വിശാഖപട്ടണം: വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് പൊരുതുന്നു.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 31 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. 73 റണ്‍സുമായി ഷായ് ഹോപ്പും ഒരു റണ്ണുമായി ജേസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 61 റണ്‍സടിച്ച് എവിന്‍ ലൂയിസ്-ഷായ് ഹോപ്പ് സഖ്യം വിന്‍ഡീസിന് മികച്ച തുടക്കമിട്ടു. തുടക്കത്തിലെ ഹോപ്പ് നല്‍കിയ അനായാസ ക്യച്ച് സ്ലിപ്പില്‍ കെ എല്‍ രാഹുല്‍ കൈവിട്ടു. ലൂയിസ് പുറത്തായശേഷം ക്രീസിലെത്തിയ വെടിക്കെട്ട് വീരന്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ശ്രേയസ് അയ്യരുടെ ഉജ്ജ്വല ഫീല്‍ഡിംഗില്‍ റണ്ണൗട്ടായതോടെ ഇന്ത്യ ആശ്വാസം കൊണ്ടു. നാലു റണ്ണായിരുന്നു ഹെറ്റ്മെയറുടെ സമ്പാദ്യം. പിന്നീടെത്തിയ റോസ്റ്റണ്‍ ചേസിനെ(4) ജഡേജ മടക്കിയതോടെ വിന്‍ഡീസ് പോരാട്ടമില്ലാതെ കീഴടങ്ങുമെന്ന് തോന്നിച്ചു.

എന്നാല്‍ ഇന്ത്യ കൈവിട്ട കളി തുടര്‍ന്നതോടെ നിക്കൊളാസ് പുരാന്‍ ഇന്ത്യക്ക് ഭീഷണിയായി. 47 പന്തില്‍ 75 റണ്‍സടിച്ച പുരാന്‍ തകര്‍ത്തടിച്ചതോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിപോവുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ച്ചയായ പന്തുകളില്‍ പുരാനെയും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും മടക്കി ഷമി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ആറ് സിക്സറും ആറ് ബൗണ്ടറിയും പറത്തിയ പുരാന്‍ ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പരീക്ഷിച്ചു. പുരാന്‍ നല്‍കിയ അനായാസ ക്യാച്ച് ദീപക് ചാഹര്‍ നിലത്തിടുരകയും ചെയ്തു.