ഗയാന: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനാല്‍ രണ്ടാം ഏകദിനത്തില്‍ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഇന്ത്യ തയാറാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ടീമിലിടം നേടിയേക്കുമെന്നാണ് സൂചന.

ഇന്ത്യയുടെ സാധ്യതാ ടീം: ഓപ്പണിംഗില്‍  തുടര്‍ച്ചയായി പരാജയപ്പെടുന്നുവെങ്കിലും രണ്ടാം ഏകദിനത്തിലും ശിഖര്‍ ധവാന് അവസരം ലഭിച്ചേക്കും. രോഹിത് ശര്‍മക്കൊപ്പം ധവാന്‍ തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങും.

നാലാം നമ്പറില്‍ കെ എല്‍ രാഹുലിന് അവസരം നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. രാഹുലിനെ ഒഴിവാക്കിയാല്‍ ശ്രേയസ് അയ്യര്‍ ടീമിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നു. വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചത് അയ്യര്‍ക്ക് ഗുണകരമാവും. ശ്രേയസ് അയ്യര്‍ ടീമിലെത്തിയാല്‍ രാഹുലോ കേദാര്‍ ജാദവോ ഒരാള്‍ മാത്രമെ അന്തിമ ഇലവനില്‍ കളിക്കാനിടയുള്ളു.

ആറാമനായി ഋഷഭ് പന്ത് ഇറങ്ങുമ്പോള്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ എത്തും. ആദ്യ മത്സരത്തില്‍ ഗെയ്‌ലിന്റെ വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് തന്നെയാകും രണ്ടാം സ്പിന്നര്‍. ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ നവദീപ് സെയ്നി അന്തിമ ഇലവനില്‍ കളിക്കും. പിച്ച് സ്പിന്നിനെ തുണക്കുന്നതാണെങ്കില്‍ യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ആദ്യ ഏകദിനത്തില്‍ കളിച്ച ഖലീല്‍ അഹമ്മദ് പുറത്തുപോവും. മുഹമ്മദ് ഷമി തന്നെയാവും രണ്ടാം സീമര്‍.