വിശാഖപട്ടണം: ചരിത്രത്തിലാദ്യമായി ഒരു ഏകദിന മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി ഇരു ടീമിന്‍റെ നായകരും. വിശാഖപട്ടണം ഏകദിനത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പെള്ളാര്‍ഡും നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് വഴുതിവീണത്. 

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ കിംഗ് കോലിക്ക് തിളങ്ങാനായില്ല. 38-ാം ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ സ്ലോ ബോളില്‍ ബാറ്റുവെച്ച കോലിയെ ചേസ് പിടികൂടുകയായിരുന്നു. ഏകദിനത്തില്‍ ഇത് മൂന്നാം തവണയാണ് കോലി ഗോള്‍ഡണ്‍ ഡക്കാകുന്നത്. ഇതിന് മുന്‍പ് കോലി ഇത്തരത്തില്‍ പുറത്തായത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പും!. ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അന്ന് കോലി ഗോള്‍ഡണ്‍ ഡക്കായത്. 

പേസര്‍ മുഹമ്മദ് ഷമിയാണ് അപകടകാരിയായ കീറോണ്‍ പൊള്ളാര്‍ഡിനെ ആദ്യ പന്തില്‍ പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ കൈകളില്‍ പൊള്ളാര്‍ഡ‍ിനെ എത്തിക്കുകയായിരുന്നു ഷമി. 7.3 ഓവര്‍ എറിഞ്ഞ ഷമി 39 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി. പൊള്ളാര്‍ഡിന് പുറമെ നിക്കോളാസ് പുരാന്‍, കീമോ പോള്‍ എന്നിവരെയാണ് ഷമി മടക്കിയത്.

രോഹിത്, രാഹുല്‍, കുല്‍ദീപ്... 

വിശാഖപട്ടണം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 107 റണ്‍സ് ജയം സ്വന്തമാക്കി. ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന് മുന്നിൽ പതറിയ വിൻഡീസ് 280 റണ്‍സിന് പുറത്തായി. 78 റണ്‍സെടുത്ത ഷായ് ഹോപ്പും 75 റണ്‍സെടുത്ത നിക്കോളാസ് പുരാനുമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഹാട്രിക് നേടിയ കുൽദീപ് യാദവാണ് വിൻഡീസിനെ തകർത്തത്. ഏകദിനത്തിൽ രണ്ട് തവണ ഹാട്രിക് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും കുൽദീപ് സ്വന്തമാക്കി.

രോഹിത് ശർമയുടെയും കെ.എൽ രാഹുലിന്‍റെയും സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 387 റൺസ് എടുത്തു. ഏകദിനത്തിലെ 28ആം സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയും മൂന്നാം സെഞ്ചുറി നേടിയ കെ എൽ രാഹുലും ആദ്യ വിക്കറ്റില്‍ 227 റൺസ് കൂട്ടിച്ചേര്‍ത്തു. രോഹിത് 138 പന്തില്‍ 159ഉം, രാഹുല്‍ 104 പന്തിൽ 102ഉം റൺസ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ശ്രേയസ് അയ്യര്‍ 32 പന്തില്‍ 53ഉം, ഋഷഭ് പന്ത് 16 പന്തില്‍ 39ഉം റൺസ് എടുത്തു.