വിശാഖപട്ടണം: ഇന്ത്യയും വെസ്റ്റ് ഇന്‍‍ഡീസും തമ്മിലുളള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ ഏകദിനം വിന്‍ഡീസ് ജയിച്ചതോടെ മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നാനൂറാം രാജ്യാന്തര മത്സരമാണിത്. ഉച്ചയ്‌ക്ക് 1.30ന് മത്സരം തുടങ്ങും.

ഇവിടെ ഇതിനുമുന്‍പ് കളിച്ച അഞ്ച് ഏകദിനങ്ങളില്‍ മൂന്നിലും കോലി സെഞ്ചുറി നേടിയിരുന്നു. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങള്‍ ആണുള്ളത്. ഇന്ന് ജയിച്ചാല്‍ 2002ന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ വിന്‍ഡീസിന് പരമ്പര ജയം നേടാം. ഹെറ്റ്‍‍മയറിന്‍റെയും ഹോപ്പിന്‍റെയും മികച്ച ഫോമിലാണ് വിന്‍ഡീസിന് പ്രതീക്ഷ. വിന്‍ഡീസ് ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൗളിംഗിനെ പിന്തുണയ്‌ക്കുന്നതാണ് വിശാഖപട്ടണത്തെ പിച്ച് എന്നാണ് സൂചന. ആദ്യ ഏകദിനത്തില്‍ നിറംമങ്ങിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ ബൗളിംഗില്‍ മാറ്റങ്ങളുറപ്പ്. രവീന്ദ്ര ജഡേജയെയോ ശിവം ദുബേയെയോ ഒഴിവാക്കി സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് അവസരം നൽകുന്നത് ഇന്ത്യ പരിഗണിച്ചേക്കും. രാത്രിയിലെ മഞ്ഞുവീഴ്‌ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രതിസന്ധിയായേക്കും എന്നതിനാല്‍ ടോസ് നിര്‍ണായകമാകും. 

ചെന്നൈ ടീം ഇന്ത്യക്ക് പാഠം

ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വിയാണ് കോലിപ്പട വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും(139), ഷായ് ഹോപ്പിന്റെയും(102) സെഞ്ചുറികളുടെ കരുത്തില്‍ 47.5 ഓവറില്‍  രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. ഋഷഭ് പന്ത്(71), ശ്രേയസ് അയ്യര്‍(70), കേദാര്‍ ജാദവ്(40) എന്നിവരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട മികച്ച സ്‌കോറിലെത്തിയത്.