കട്ടക്ക്: ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് കട്ടക്കിൽ നടക്കും. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. ഓരോ കളിജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും വിൻഡീസും. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 

പരുക്കേറ്റ ദീപക് ചാഹറിന് പകരം ഇന്ത്യ നവദീപ് സെയ്‌നിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. രണ്ട് കളിയിൽ നാല് റൺ മാത്രമെടുത്ത വിരാട് കോലിക്ക് കട്ടക്കിലും അത്ര നല്ല റെക്കോർഡല്ല. ഋഷഭ് പന്ത് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വസമാണ്. രോഹിത് ശർമ്മ, കെ എൽ രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടും രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് സ്‌പിൻ ജോഡിയുടെ പ്രകടനവും നിർണായകമാവും. ശ്രേയസ് അയ്യരും ഫോമിലാണെന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്.

ഷായ് ഹോപ്, ഷിമ്രോൺ ഹെറ്റ്മെയർ, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ, കീമോ പോൾ എന്നിവരിലാണ് വിൻഡീസിന്റെ പ്രതീക്ഷ. മഞ്ഞുവീഴ്‌ച ഉള്ളതിനാൽ ടോസ് നേടുന്നവർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. വിന്‍ഡീസിനെതിരെ തുടർച്ചയായ പത്താം ഏകദിന പരമ്പര വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

വമ്പന്‍ ജയവുമായി സമനിലപിടിച്ച കോലിപ്പട

വിശാഖപട്ടണം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 107 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് കോലിപ്പട പരമ്പരയില്‍ ഒപ്പമെത്തിയത്(1-1). രോഹിത് ശർമയുടെയും കെ എൽ രാഹുലിന്‍റെയും സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 387 റൺസ് എടുത്തു. ഏകദിനത്തിലെ 28ആം സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയും മൂന്നാം സെഞ്ചുറി നേടിയ കെ എൽ രാഹുലും ആദ്യ വിക്കറ്റില്‍ 227 റൺസ് കൂട്ടിച്ചേര്‍ത്തു. രോഹിത് 159ഉം, രാഹുല്‍ 102ഉം റൺസ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ശ്രേയസ് അയ്യര്‍ 32 പന്തില്‍ 53ഉം, ഋഷഭ് പന്ത് 16 പന്തില്‍ 39ഉം റൺസ് എടുത്തു. 

ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന് മുന്നിൽ പതറിയ വിൻഡീസ് 280 റണ്‍സിന് പുറത്തായി. 78 റണ്‍സെടുത്ത ഷായ് ഹോപ്പും 75 റണ്‍സെടുത്ത നിക്കോളാസ് പുരാനുമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഏകദിനത്തിലെ രണ്ടാം ഹാട്രിക് നേടിയ കുൽദീപ് യാദവാണ് വിൻഡീസിനെ തകർത്തത്.