കട്ടക്ക്: ഷാര്‍ദുല്‍ ഠാക്കൂര്‍ ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യുമോ. കട്ടക്കില്‍ വിന്‍ഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ഠാക്കൂര്‍ മിന്നലായപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് ജയവും പരമ്പരയും  സ്വന്തമാക്കിയിരുന്നു. ത്രില്ലിംഗ് വിജയം സമ്മാനിച്ച ഠാക്കൂറിന്  നന്ദിപറഞ്ഞ് കോലി സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. എന്നാല്‍ മറാഠിയിലായിരുന്നു കോലിയുടെ നന്ദിപറച്ചില്‍ എന്നതാണ് സവിശേഷത. 

കോലിയുടെ വേറിട്ട ആശംസ ആരാധകര്‍ ഏറ്റെടുത്തു. ആരാധകരുടെ പ്രതികരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. 

മറുപടി ബാറ്റിംഗില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ മുന്നേറിയെങ്കിലും ശ്രേയസ് അയ്യരും ഋഷഭ് പന്തും കേദാര്‍ ജാദവും
അതിവേഗം മടങ്ങി. എന്നാല്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന ഠാക്കൂര്‍ 48.4 ഓവറില്‍ ജയിപ്പിക്കുകയായിരുന്നു. ഠാക്കൂര്‍ ആറ് പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം പുറത്താകാതെ 17 റണ്‍സാണെടുത്തത്. 

ഠാക്കൂറും ജഡുവും(രവീന്ദ്ര ജഡേജ) അതിമനോഹരമായി മത്സരം ഫിനിഷ് ചെയ്തു. ഇരുവരും മത്സരം ഫിനിഷ് ചെയ്യുന്നത് വലിയ കാര്യമാണ്. പുറത്തായി തിരികെ ഡ്രസിംഗ് റൂമിലേക്ക് നടക്കുമ്പോള്‍
ഞാനല്‍പം അസ്വസ്‌തനായിരുന്നു. എന്നാല്‍ ജഡു ആത്മവിശ്വാസത്തോടെ കളിക്കുന്നത് കണ്ടു എന്നായിരുന്നു മത്സരശേഷം കോലിയുടെ പ്രതികരണം. ഏകദിന ലോകകപ്പ് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മനോഹര വര്‍ഷങ്ങളിലൊന്നാണ് 2019 എന്നും വിരാട് കോലി കൂട്ടിച്ചേര്‍ത്തു.