മുംബൈ: ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം നാളെ മുംബൈയിൽ നടക്കും. പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഹൈദരാബാദിൽ ഇന്ത്യയും, തിരുവനന്തപുരത്ത് വിന്‍ഡീസുമാണ് ജയിച്ചത്. മോശം ഫീല്‍ഡിംഗും അവസാന ഓവറുകളില്‍ റൺനിരക്ക് ഉയര്‍ത്താന്‍ കഴിയാത്തതും ടീം ഇന്ത്യയുടെ ആശങ്കയാണ്.

പരമ്പരയിലെ നിര്‍ണായക മത്സരം ആയതിനാല്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്ന് സംശയമാണ്. തുടര്‍ച്ചയായി രണ്ട് കളികളില്‍ പരാജയപ്പെട്ട ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്നാണ് മലയാളികള്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ ശ്രേയസ് അയ്യരെ മാറ്റിയാല്‍ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയ്ക്കാവും ടീം മാനേജ്മെന്റ് ആദ്യ പരിഗണന നല്‍കുക എന്നാണ് സൂചന. ശിവം ദുബെ വീണ്ടും വണ്‍ ഡൗണായി ബാറ്റിംഗിന് ഇറങ്ങുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യക്ക് തലവേദനകളുണ്ട്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചാഹലും കഴിഞ്ഞ മത്സരത്തില്‍ സമ്പൂര്‍ണ പരാജയമായി. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ജഡേജക്ക് തിളങ്ങാനായില്ല. അടുത്തകാലത്തൊന്നും ജഡേജ ആരാധകരെ ഇത്രമാത്രം നിരാശരാക്കിയിട്ടില്ല. പേസര്‍മാരില്‍ ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത മികവ് തുടരാന്‍ ദീപക് ചാഹറിനുമാവുന്നില്ല.

തിരിച്ചുവരില്‍ ഭുവനേശ്വര്‍കുമാറിനും ഇതുവരെ വിക്കറ്റെടുത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനായിട്ടില്ല. ടോസാണ് ഇന്ത്യയെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നം. രണ്ടാമത് ബാറ്റ് ചെയ്ത് അനായാസ വിജയം നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വമ്പന്‍ സ്കോര്‍ നേടാനാവാതെ പതറിപ്പോവുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുന്നത്. ജയിക്കുന്നവര്‍ക്ക് പരമ്പര നേടാമെന്നതിനാല്‍ വീറുറ്റ പോരാട്ടം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.