മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്നുച്ചയ്‌ക്ക് ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ ടീമുകളെ കാത്തിരിക്കുന്ന പിച്ചിന്‍റെ സ്വഭാവം എന്താകും

ചെന്നൈ: ടി20 പരമ്പരയിലെ വിജയം ഏകദിനത്തിലും തുടരാനാണ് ടീം ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്നുച്ചയ്‌ക്ക് ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ ടീമുകളെ കാത്തിരിക്കുന്ന പിച്ചിന്‍റെ സ്വഭാവം എന്താകും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കോലിപ്പടയ്‌ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. 

സ്‌പിന്നര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിന്‍റെ ചരിത്രം. ഇത്തവണയും പിച്ചിന്‍റെ ഘടനയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ മൂന്ന് സ്‌പിന്നര്‍മാരെ ടീം ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയ്‌ക്ക് പുറമെ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും കളിക്കും എന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ടീം ഇന്ത്യക്ക് നിര്‍ണായക മേല്‍ക്കൈ ലഭിച്ചേക്കും. അ‍ഞ്ചാം നമ്പറില്‍ എത്താന്‍ സാധ്യതയുള്ള കേദാര്‍ ജാദവിനെ പാര്‍ട് ടൈം സ്‌പിന്നറായും കോലിപ്പടയ്‌ക്ക് ഉപയോഗിക്കാം. 

ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായിരിക്കും ചെപ്പോക്കിലെ പിച്ച്. ഇതുവരെ നടന്ന 21 ഏകദിനങ്ങളില്‍ ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 239 മാത്രം ആണ്. സ്‌പിന്നര്‍മാരില്‍ ഹെയ്‌ഡന്‍ വാള്‍ഷായിരിക്കും വിന്‍ഡീസിന്‍റെ തുറുപ്പുചീട്ട്. എന്നാല്‍ സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ വിദഗ്ധരായ കോലിപ്പടയെ വിറപ്പിക്കാന്‍ വാള്‍ഷിനാകുമോ എന്ന് കണ്ടറിയാം.