തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 മത്സരത്തിലെ ടോസിന് മുമ്പ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. സഞ്ജു ഗ്രൗണ്ടിലിറങ്ങിയതോടെ ആര്‍ത്തുവിളിച്ചും കൈയടിച്ചും ആരാധകര്‍ ഗ്യാലറിയില്‍ ആവേശം നിറച്ചു.

സഞ്ജുവിന് ലഭിക്കുന്ന കൈയടി കണ്ട് പരിശീലകന്‍ രവി ശാസ്ത്രി പോലും അന്തം വിട്ടു. ക്യാപ്റ്റന്‍ വിരാട് കോലിക്കും പോലും ലഭിക്കാത്ത സ്വീകരണമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരാധകര്‍ സഞ്ജുവിന് നല്‍കിയത്. സഞ്ജു പരിശീലനത്തിനിറങ്ങിയപ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് ഉച്ചത്തില്‍ സഞ്ജു...സഞ്ജു..വിളികളുയര്‍ന്നത്.

ഇതോടെ ചിരിച്ചുകൊണ്ട് ആരാധകരെ തിരിച്ച് അഭിവാദ്യം ചെയ്ത സഞ്ജു നടന്നു നീങ്ങുന്നതിനിടെ പരിശീലകനായ രവി ശാസ്ത്രി സഞ്ജുവിന്റെ തോളില്‍ കൈയിട്ടു ചേര്‍ത്തുപിടിച്ചു. ആരാധകരെ നോക്കി ചിരിച്ചുകൊണ്ട് സഞ്ജുവിനെ ഇടിക്കുന്നപോലെ ആംഗ്യം കാട്ടിയ രവി ശാസ്ത്രി സഞ്ജുവിനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഞ്ജുവാകട്ടെ പതിവുപോലെ എല്ലാം ഒരു ചിരിയോടെ നേരിട്ടു.