തിരുവനന്തപുരം: ആരാധകരുടെ ആകാംക്ഷക്കും കാത്തിരിപ്പിനും ഫുള്‍സ്റ്റോപ്പിട്ട് ക്യാപ്റ്റന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ നിര്‍ണായക ടോസ് വിന്‍ഡീസ് നേടിയപ്പോഴും ആരാധകരുടെ ആകാംക്ഷ ടീം പ്രഖ്യാപനത്തിലായിരുന്നു.

എന്നാല്‍ ടോസിനുശേഷം വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് സംസാരിച്ചശേഷം മൈക്കിന് മുമ്പിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി സ്ട്രെയിറ്റ് ഡ്രൈവ് പോലെ കാര്യം പറഞ്ഞു. ടീമില്‍ മാറ്റമില്ല. അതോടെ കാര്യവട്ടത്ത് സഞ്ജുവിന്റെ കളി കാണാമെന്ന ആരാധകരുടെ പ്രതീക്ഷയും ബൗണ്ടറി കടന്നു.

രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാവാന്‍ ഇടയുള്ലതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ തന്നെ ലക്ഷ്യമിടേണ്ടിവരും.  ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ തകര്‍ത്തടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒപ്പം ക്യാപ്റ്റന്‍ വിരാട് കോലിയും മലയാളി വേരുകളുള്ള ശ്രേയസ് അയ്യരും തിളങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.