ഗയാന: ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യന്‍ ടീം വീണ്ടുമൊരു ഏകദിന പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്. വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പില്‍ ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചര്‍ച്ചകളായിരുന്നു നിറഞ്ഞിരുന്നതെങ്കില്‍ ഇത്തവണ അത്തരം ആശയക്കുഴപ്പമൊന്നുമില്ല. ശിഖര്‍ ധവാന്‍ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ ലോകകപ്പില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ ആവും ഇന്ന് നാലാം നമ്പറില്‍ ഇറങ്ങുക. ധോണിയുടെ അഭാവത്തില്‍ പകരക്കാരനായി ഇറങ്ങുന്ന ഋഷഭ് പന്തിന്റെ പ്രകടനത്തിലേക്കും ആരാധകര്‍ ഉറ്റുനോക്കുന്നു.

മത്സരം നടക്കുന്ന ഗയാനയില്‍ തുടക്കത്തില്‍ മഴ പെയ്യുമെന്നാണ് ഇന്ന് കാലാവസ്ഥാ പ്രവചനം. ഇത് ടോസ് വൈകിപ്പിച്ചേക്കും.നനഞ്ഞ ഔട്ട് ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും പ്രതീക്ഷിക്കുന്നതിനാല്‍ ടോസ് നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. തുടക്കത്തില്‍ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടെങ്കിലും പിന്നീട് തെളിഞ്ഞ കാലവസ്ഥയായിരിക്കുമെന്നത് 50 ഓവര്‍ മത്സരം നടക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തൂവാരിയിരുന്നു. അവസാന ടി20യില്‍ വിശ്രമം അനുവദിച്ച രോഹിത് ശര്‍മയിം സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ഇന്ന് അന്തിമ ഇലവനില്‍ കളിച്ചേക്കും. ഭുവനേശ്വര്‍കുമാറിന് വിശ്രമം അനുവദിച്ചാല്‍ നവദീപ് സെയ്‌നിയും ഏകദിനത്തില്‍ അരങ്ങേറിയേക്കും. ഭുവിയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയാകും പേസ് പടയെ നയിക്കുക.