ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ ആദ്യ അര്‍ധസെഞ്ചുറി നേട്ടം പിന്നിട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മക്ക് മറ്റൊരു അപൂര്‍വനേട്ടം കൂടി. വിന്‍ഡീസ് ബാറ്റ്സ്മാന്‍ ജാമര്‍ ഹാമിള്‍ട്ടനെ പുറത്താക്കിയതിലൂടെ ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് ഇഷാന്ത് ഇന്ന് സ്വന്തമാക്കിയത്.

45 ടെസ്റ്റില്‍ നിന്ന് 155 വിക്കറ്റാണ് ഇഷാന്തിന്റെ ഇപ്പോഴത്തെ സമ്പാദ്യം. ഇത്രയും ടെസ്റ്റില്‍ നിന്ന് 155 വിക്കറ്റെടുത്തിട്ടുള്ള കപില്‍ ദേവിനെയാണ് ഇഷാന്ത് ഇന്ന് മറികടന്നത്. 50 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റെടുത്തിട്ടുള്ള അനില്‍ കുബ്ലെയാണ് ഏഷ്യക്ക് പുറത്ത് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ബൗളര്‍.

സഹീര്‍ ഖാന്‍ 38 ടെസ്റ്റില്‍ നിന്ന് 147 വിക്കറ്റും ബിഷന്‍ സിംഗ് ബേദി 34 ടെസ്റ്റില്‍ നിന്ന് 123 വിക്കറ്റുകളും നേടിയിട്ടുണ്ട്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 57 റണ്‍സെടുത്ത ഇഷാന്ത് എട്ടാം വിക്കറ്റില്‍ ഹനുമാ വിഹാരിക്കൊപ്പം 112 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയിരുന്നു.