വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടിയിരുന്ന രോഹിത് ഈ വര്‍ഷമാദ്യം ഓസ്ട്രേലിയക്കുമെതിരെ സെഞ്ചുറി നേടിയിരുന്നു. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും സെഞ്ചുറി നേടിയതോടെ ഒരു വര്‍ഷം ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന അപൂര്‍വതയാണ് രോഹിത്തിനെ തേടിയെത്തിയത്.

ഇതിനൊപ്പം ഒരു കലണ്ടര്‍ വര്‍ഷം 10 സെഞ്ചുറികള്‍(ടെസ്റ്റിലും ഏകദിനത്തിലുമായി) നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തമാക്കി. ഏകദിനത്തില്‍ ഏഴും  ടെസ്റ്റില്‍ മൂന്നും സെഞ്ചുരികളാണ് ഈ വര്‍ഷം രോഹിത്തിന്റെ പേരിലുള്ളത്. 1998ല്‍ 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിനറെ പേരിലാണ് ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ രാജ്യാന്തര സെഞ്ചുറികളുടെ റെക്കോര്‍ഡുള്ളത്. വിരാട് കോലി 2017ലും 2018ലും 11 സെഞ്ചുറികള്‍ വീതം നേടിയിരുന്നു. രാഹുല്‍ ദ്രാവിഡ് 1999ല്‍ 10 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

ഒരു വര്‍ഷം ഏഴ് ഏകദിന സെഞ്ചുറികള്‍ നേടിയ രോഹിത് ഈ നേട്ടത്തില്‍ സച്ചിന് തൊട്ട് പുറകിലാണ്.  1998ല്‍ എട്ട് ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിനാണ് മുന്നില്‍. ഏഴ് ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ള സൗരവ് ഗാംഗുലിക്കും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പമാണ് രോഹിത് ഇപ്പോള്‍.

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തം പേരിലെഴുതി. 77 സിക്സറുകളാണ് രോഹിത് ഈ വര്‍,ം ആകെ അടിച്ചുകൂട്ടിയത്. കഴിഞ്ഞവര്‍ഷം തന്റെ തന്നെ പേരിലുള്ള 74 സിക്സറുകളെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്. 2016ല്‍ രോഹിത് 65 സിക്സറുകള്‍ നേടിയിരുന്നു.