മുംബൈ: വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലും ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കില്ല. ധവാന് പകരം മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തി. ടീം ഇന്ത്യക്കായി ഒന്‍പത് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മായങ്ക്. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ കളിച്ചുകൊണ്ടിരിക്കുന്ന മായങ്ക് ചെന്നൈയിലെ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കിടെ ഇടംകാല്‍മുട്ടിന് പരിക്കേറ്റതാണ് ധവാന് തിരിച്ചടിയായത്. വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ധവാന് പകരം സഞ്ജു സാംസണെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. 

പരിക്കില്‍ നിന്ന് മോചിതനാവാന്‍ ധവാന് കൂടുതല്‍ സമയം വേണമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിഗമനം. ധവാന്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കുറച്ചുകൂടി സമയമെടുക്കും എന്ന് ബിസിസിഐ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. വിന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അവസാനിച്ച ശേഷമാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. 

ഏകദിന ടീം

വിരാട് കോലി. രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.