മുംബൈ: വിന്‍ഡീസിനെതിരെ നിര്‍ണായക മൂന്നാം ടി20യില്‍ ബാറ്റിംഗ് വെടിക്കെട്ടോടെ ഇന്ത്യന്‍ തുടക്കം. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സിക്‌സര്‍പൂരത്തിന് തിരികൊളുത്തിയപ്പോള്‍ ആറ് ഓവറില്‍ കോലിപ്പട 72 റണ്‍സിലെത്തി. രോഹിത് 34 റണ്‍സുമായും രാഹുല്‍ 38 റണ്‍സുമായുമാണ് ക്രീസില്‍. 5,  9, 16, 14, 14, 14 എന്നിങ്ങനെയാണ് പവര്‍ പ്ലേയില്‍ ഇന്ത്യന്‍ സ്‌കോര്‍. 

വാംഖഡെയില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട ഇറങ്ങിയത്. രവീന്ദ്ര ജഡേജയ്‌ക്ക് പകരം മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. മാറ്റങ്ങളില്ലാതെയാണ് പൊള്ളാര്‍ഡും സംഘവും കളിക്കുന്നത്. തിരുവനന്തപുരത്ത് ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍(1-1) ഒപ്പമെത്തിയിരുന്നു. ഇന്ന് വിജയിക്കുന്നവര്‍ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം. 

വാംഖഡെയിലെ പിച്ച് പേസിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ പിന്തുണയ്‌ക്കുന്നതാണ് വാംഖഡെയുടെ ചരിത്രം. 2002ന് ശേഷം ഇന്ത്യയിൽ വിന്‍ഡീസ് പരമ്പര ജയിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാമെന്നാണ് കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും സംഘത്തിന്‍റെയും പ്രതീക്ഷ. ട്വന്‍റി 20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ പരമ്പര നഷ്ടം ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല.