ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിക്ക് ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡ‍ീ മെറിറ്റ് പോയിന്റ് പിഴ ചുമത്തി. മത്സരത്തിലെ അഞ്ചാം ഓവറില്‍ വിന്‍ഡീസ് ബാറ്റ്സ്മാന്‍ നിക്കോളാസ് പൂരന്റെ വിക്കറ്റെടുത്തശേഷം ബാറ്റ്സ്മാന് നേരെ അംഗവിക്ഷേപം നടത്തിയ സെയ്നിയുടെ നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. തെറ്റ് സമ്മതിച്ച സെയ്നി മാച്ച് റഫറി ജെഫ് ക്രോയുടെ തീരുമാനം അംഗീകരിച്ചു.

വിന്‍ഡീസിനെതിരായ ആദ്യ ടി20യിലാണ് സെയ്നി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സെയ്നി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. തന്നെ സിക്സറിന് പറത്തിയ നിക്കോളാസ് പൂരന്റെയും ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും വിക്കറ്റുകളാണ് സെയ്നി തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തിയത്.

മത്സരത്തിലെ അവസാനെ ഓവര്‍ എറിഞ്ഞ സെയ്നി റണ്‍ വഴങ്ങാതെ വിന്‍ഡീസിന്റെ ടോപ് സ്കോററായ കീറോണ്‍ പൊള്ളാര്‍ഡിന്റെയും വിക്കറ്റെടുത്തു. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സെയ്നിയാണ് കളിയിലെ താരമായത്.