തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണിന് തിളങ്ങാന്‍ കഴിയുന്ന പിച്ചാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20ക്കായി കാര്യവട്ടത്ത് തയ്യാറാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ എ.എം.ബിജു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സഞ്ജു, 91 റണ്‍സെടുത്ത പിച്ചിലാകും ഞായറാഴ്ചത്തെ മത്സരമെന്നും സഞ്ജു അന്തിമ ഇലവനില്‍ കളിക്കുമെന്നാണ് പ്രതീകഷയെന്നും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ആകെ ഒമ്പത് പിച്ചുകളാണ് തയ്യാറായിട്ടുള്ളത്. ഇതില്‍ നാലാമത്തെ പിച്ചിലാകും ഞായറാഴ്ചത്തെ ഇന്ത്യ, വിന്‍ഡീസ് രണ്ടാം ട്വന്‍റി 20. സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്ക എ ടീമിനതിരെ സ‍ഞ്ജു സാംസണ്‍ 91 റണ്‍സ് നേടിയത് ഇതേ പിച്ചിലാണ്. എ ടീമുകളുടെ പരമ്പരക്ക് ശേഷം നവംബര്‍ 18 വരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20ക്കും സ്പോര്‍ട്സ് ഹബ്ബ് വേദിയായിരുന്നു.

രാത്രി എട്ടിന് ശേഷം മഞ്ഞുവീഴ്ച ഉള്ളതിനാല്‍ ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തേക്കുമെന്നും ക്യൂറേറ്റര്‍ അഭിപ്രായപ്പെട്ടു. മഞ്ഞു വീഴ്ചയെ പ്രതിരോധിക്കാനുള്ള ആന്റി ഡ്യൂ സ്പ്രേ ഔട്ട് ഫീല്‍ഡില്‍ ഇന്ന് മുതല്‍ പ്രയോഗിക്കുന്നുണ്ട്. എങ്കിലും രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച തലവേദനായാകാമെന്നും ബിജു പറഞ്ഞു.

മഴ സാധ്യത പ്രവചിച്ചിട്ടില്ലെങ്കിലും മഴ പെയ്താലും വലിയ പ്രശ്നമാവില്ലെന്നും ക്യൂറേറ്റര്‍ പറഞ്ഞു. രണ്ട് സൂപ്പര്‍ സോപ്പര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉള്ളതിനാല്‍ മഴ പെയ്താലും അര മണിക്കൂര്‍ കൊണ്ട് ഗ്രൗണ്ട് മത്സര സജ്ജമാക്കാനാവുമെന്നും ബിജു പറഞ്ഞു.