വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ ഋഷഭ് പന്ത്-ശ്രേയസ് അയ്യര്‍ സഖ്യത്തിന് ബാറ്റിംഗ് റെക്കോര്‍ഡ്. ഒരോവറില്‍ 31 റണ്‍സടിച്ചു കൂട്ടിയാണ് ഇരുവരും ഇന്ത്യന്‍ റെക്കോര്‍ഡിട്ടത്. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ ജോഡിയെന്ന റെക്കോര്‍ഡാണ് വിശാഖപട്ടണത്ത് ഇരുവരും സ്വന്തമാക്കിയത്.

1999ല്‍ ന്യൂസിലന്‍ഡിനെതിരെ സച്ചിനും ജഡേജയും ചേര്‍ന്ന് 28 റണ്‍സടിച്ചതായിരുന്നു ഇതിനു മുമ്പത്തെ ഇന്ത്യന്‍ റെക്കോര്‍ഡ്. 2000ല്‍ സഹീര്‍ ഖാനും അഗാര്‍ക്കറും ചേര്‍ന്ന് സിംബാബ്‌വെയ്ക്കെതിരെ 27 റണ്‍സടിച്ചിട്ടുണ്ട്. വിന്‍ഡീസിനായി 47-ാം ഓവര്‍ എറിഞ്ഞ റോസ്റ്റ ചേസിനെ നാല് സിക്സിനും ഒരു ബൗണ്ടറിക്കും പറത്തിയാണ് ശ്രേയസ് അയ്യര്‍-ഋഷഭ് പന്ത് സഖ്യം 31 റണ്‍സടിച്ചത്.

നാല് സിക്സറും ബൗണ്ടറിയും നേടിയത് അയ്യരായിരുന്നു. ഒരു റണ്ണായിരുന്നു ഈ ഓവറില്‍ ഋഷഭ് പന്തിന്റെ സംഭാവന. ചേസിന്റെ ഓവറിന് തൊട്ടു മുമ്പ് കോട്രല്‍ എറിഞ്ഞ ഓവറില്‍ ഋഷഭ് പന്ത് 24 റണ്‍സടിച്ചിരുന്നു. ഇതോടെ രണ്ടോവറില്‍ മാത്രം ഇന്ത്യ നേടിത് 55 റണ്‍സായിരുന്നു.