തിരുവനന്തപുരം: ശിവം ദുബെ ഷോയില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ആരാധകര്‍ക്ക് മുന്നില്‍ തലതാഴ്‌ത്താതെ ടീം ഇന്ത്യ. വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും വിരാട് കോലിയും അടക്കമുള്ള വമ്പന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ശിവം ദുബെയും വിക്കറ്റ് വലിച്ചെറിയാതെ ഋഷഭ് പന്തുമാണ് ഇന്ത്യയെ കാത്തത്. വിന്‍ഡീസിനായി വില്യംസും വാല്‍ഷും രണ്ട് വിക്കറ്റ് വീതവും കോട്രലും പിയറിയും ഹോള്‍ഡറും ഓരോ വിക്കറ്റും നേടി. 

കോട്രല്‍ എറിഞ്ഞ ആദ്യ ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തെങ്കിലും ഇന്ത്യക്ക് നിരാശയോടെയായിരുന്നു തുടക്കം. നാലാം ഓവറിലെ ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ മടക്കി സ്‌പിന്നര്‍ ഖാരി പിയറിയുടെ ബ്രേക്ക് ത്രൂ. 11 പന്തില്‍ 11 റണ്‍സാണ് കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ഇക്കുറി നേടിയത്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 42/1 എന്ന സ്‌കോറിലായിരുന്നു ടീം ഇന്ത്യ. 

അപ്രതീക്ഷിതം ദുബെയുടെ വരവും അടിയും

മൂന്നാമനായി നായകന്‍ വിരാട് കോലിക്ക് പകരം എത്തിയത് ശിവം ദുബെ. സ്‌പോര്‍‌ട്‌സ് ഹബ്ബിലെ ആരാധകര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ യുവിയുടെ മട്ടും ഭാവവുമുള്ള താരം എട്ടാം ഓവറില്‍ വരവിന്‍റെ ഉദേശ്യം വ്യക്തമാക്കി. ജാസന്‍ ഹോള്‍ഡറെ സിക്‌സിനും ബൗണ്ടറിക്കും പറത്തി ഗംഭീര ട്രീറ്റ്. പക്ഷേ, ഇതേ ഓവറില്‍ സ്‌കൂപ്പിന് ശ്രമിച്ച് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ 15 റണ്‍സില്‍ മടങ്ങി. എന്നാല്‍ അടി തുടരുകയാണ് ശിവം ദുബെ ചെയ്തത്. 

സാക്ഷാല്‍ കിംഗ് കോലിയെ കാഴ്‌ചക്കാരനാക്കി പൊള്ളാര്‍ഡിന്‍റെ ഒന്‍പതാം ഓവറില്‍ മൂന്ന് സിക്‌സടക്കം 26 റണ്‍സടിച്ചു ദുബൈ. എന്നാല്‍ ടി20യിലെ കന്നി ഫിഫ്റ്റിക്ക് പിന്നാലെ 11-ാം ഓവറില്‍ വാല്‍ഷിന്‍റെ പന്തില്‍ ദുബെയെ ഹെറ്റ്‌മയര്‍ പിടികൂടി. ദുബെ നേടിയത് 34 പന്തില്‍ 54 റണ്‍സ്. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ കോലിയും(19) വൈകാതെ മടങ്ങി. കോലിയെ മടക്കി കെസ്രിക് വില്യംസ് നോട്ട്‌ബുക്ക് ആഘോഷത്തിന് വീണ്ടും മരുന്നിട്ടു. 

ഒടുവില്‍ പന്തിന്‍റെ ചെറിയ പ്രായ്ശ്ചിത്തം!

അധികം സാഹസത്തിന് മുതിരാതെ സാവധാനം നിലയുറപ്പിക്കാനായിരുന്നു ഋഷഭ് പന്തിന്‍റെ ശ്രമം. ശ്രേയസ് അയ്യര്‍ക്കും തിളങ്ങാനായില്ല. ശ്രേയസിനെ 16.2 ഓവറില്‍ വാല്‍ഷ് പുറത്താക്കുമ്പോള്‍ അക്കൗണ്ടില്‍ 10 റണ്‍സും ഇന്ത്യന്‍ സ്‌കോര്‍ 144ഉം. 19-ാം ഓവറില്‍ വില്യംസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ജഡേജയുടെ അക്കൗണ്ടിലും കാര്യമായൊന്നുമില്ലായിരുന്നു. നേടിയത് 11 പന്തില്‍ 9 റണ്‍സ്. കോട്രലിന്‍റെ അവസാന ഓവറിലെ നാലാം പന്തില്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ ഗോള്‍ഡന്‍ ഡക്കായി. ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 22 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു ഋഷഭ് പന്ത്.