മുംബൈ: റണ്‍സടിച്ചു തുടങ്ങിയാല്‍ ഋഷഭ് പന്ത് വേറെ തലത്തിലുള്ള കളിക്കാരനാവുമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് ഋഷഭ് പന്ത്. അതുകൊണ്ടാണ് എല്ലാവരും ഋഷഭ് പന്തിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത്. ഏത് ടീമിലും ഋഷഭ് പന്ത് എക്സ് ഫാക്ടര്‍ ആണ്.

ഇന്ത്യന്‍ ടീമിലും പന്ത് അതുപോലെ തന്നെയാണ്. അതുകൊണ്ടാണ് ടീം മാനേജ്മെന്റും സെലക്ടര്‍മാരും ഋഷഭ് പന്തിനെ പിന്തുണയ്ക്കുന്നത്. ഋഷഭ് പന്ത് മികച്ച കളിക്കാരനാണെന്ന് ഞങ്ങളെല്ലാം വിശ്വസിക്കുന്നു. ഒരിക്കല്‍ റണ്‍സടിച്ചു തുടങ്ങിയാല്‍ ഋഷഭ് പന്ത് അസാമാന്യ കളിക്കാരനാവും-വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റാത്തോഡ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഋഷഭ് പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പന്തിന്റെ കഴിവില്‍ ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ട്. അതുകൊണ്ടാണ് ടീം മാനേജ്മെന്റ് ഋഷഭ് പന്തിനെ പിന്തുണയ്ക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് കളിക്കാരന്റെ ഉത്തരവാദിത്തമാണ്. അതിനുള്ള സമയം  നല്‍കുക എന്നത് മാത്രമാണ് ടീം മാനേജ്മെന്റിന്റെയും കടമ-കോലി പറഞ്ഞു.