വിശാഖപട്ടണം: വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ വിശാഖപട്ടണത്ത് കൂറ്റന്‍ ജയം നേടിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി അത്ര സന്തുഷ്‌ടനല്ല. ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് ചോര്‍ച്ച ഇപ്പോഴും ഒരു ഗുരുതര പ്രശ്‌നമാണ് എന്നാണ് കോലി പറയുന്നത്. 

'കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യം നമ്മള്‍ നന്നായി ബാറ്റ് ചെയ്തു. രണ്ടാമത് ബാറ്റ് ചെയ്യുന്നതും അത്ര പ്രശ്‌നമല്ല. ചേസിംഗില്‍ ലോകത്തെ ഏറ്റവും മികച്ച ടീമായി വിശേഷിപ്പിക്കപ്പെട്ടില്ലെങ്കിലും മികച്ച സംഘമാണ് നമ്മുടേത്. ടോസ് നഷ്‌ടപ്പെട്ടിട്ടും ബാറ്റ് ചെയ്ത രീതി ക്യാപ്റ്റനെന്ന നിലയില്‍ സന്തോഷിപ്പിക്കുന്നു. ടോസിനെ മാത്രം ആശ്രയിച്ചുള്ള ടീമല്ല നമ്മുടേത് എന്നാണ് വ്യക്തമാകുന്നത്'- മത്സരശേഷം കോലി പറഞ്ഞു.

എന്നാല്‍ ഒരു കാര്യത്തില്‍ കോലിക്ക് നിരാശയുണ്ട്. 'റിവ്യൂകള്‍ എപ്പോഴും വിക്കറ്റ്‌കീപ്പറിലും ബൗളറിലും നിക്ഷിപ്‌തമാണ്. റിവ്യൂകള്‍ എടുത്ത രീതിയില്‍ അത്ര സന്തോഷവാനല്ല ഞാന്‍. ക്യാച്ചുകള്‍ പാഴാക്കുന്നതും നിരാശ നല്‍കുന്നു. ഇതിലും മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യേണ്ടതുണ്ട്. ഇതുപോലെ ക്യാച്ചുകള്‍ നിലത്തിടാന്‍ പാടില്ല. ഫീല്‍ഡിംഗ് നിലവാരം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് നിരകളിലൊന്നാണ് നമ്മുടേത് എന്നതാണ് കാരണം'.

എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കേ ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ട് പ്രകടനത്തെ കോലി പ്രശംസിച്ചു. '30 മുതല്‍ 50 വരെ റണ്‍സ് കൂടുതല്‍ ലഭിക്കുന്നത് ടീമിന് പ്രയോജനകരമായിരിക്കും. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്നുള്ള ഓപ്പണിംഗ് സഖ്യം മികച്ചതാണ്. ശ്രേയസ് അയ്യരും ഋഷഭ് പന്തും ബാറ്റ് ചെയ്ത രീതി വിസ്‌‌മയകരമാണ്. പ്രധാനപ്പെട്ട 50 ഓവര്‍ ടൂര്‍ണമെന്‍റുകള്‍ അടുത്തൊന്നുമില്ല. അതിനാല്‍ ഭയമില്ലാതെ അടിച്ചുകളിക്കുകയാണ് വേണ്ടതെന്നും' ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. 

ആരാധകരെ ത്രസിപ്പിച്ച് കൂറ്റന്‍ ജയം

വിശാഖപട്ടണം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 107 റണ്‍സ് ജയം സ്വന്തമാക്കി. ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന് മുന്നിൽ പതറിയ വിൻഡീസ് 280 റണ്‍സിന് പുറത്തായി. 78 റണ്‍സെടുത്ത ഷായ് ഹോപ്പും 75 റണ്‍സെടുത്ത നിക്കോളാസ് പുരാനുമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഹാട്രിക് നേടിയ കുൽദീപ് യാദവാണ് വിൻഡീസിനെ തകർത്തത്. ഏകദിനത്തിൽ രണ്ട് തവണ ഹാട്രിക് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും കുൽദീപ് സ്വന്തമാക്കി.

രോഹിത് ശർമയുടെയും കെ.എൽ രാഹുലിന്‍റെയും സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 387 റൺസ് എടുത്തു. ഏകദിനത്തിലെ 28ആം സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയും മൂന്നാം സെഞ്ചുറി നേടിയ കെ എൽ രാഹുലും ആദ്യ വിക്കറ്റില്‍ 227 റൺസ് കൂട്ടിച്ചേര്‍ത്തു. രോഹിത് 138 പന്തില്‍ 159ഉം, രാഹുല്‍ 104 പന്തിൽ 102ഉം റൺസ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ശ്രേയസ് അയ്യര്‍ 32 പന്തില്‍ 53ഉം, ഋഷഭ് പന്ത് 16 പന്തില്‍ 39ഉം റൺസ് എടുത്തു. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി(1-1).