ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ പരീക്ഷണത്തിനൊരുങ്ങി ടീം ഇന്ത്യ. ആദ്യ രണ്ട് ടി20 കളും കളിച്ച ടീമില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റന്‍ വിരാട് കോലി നല്‍കുന്നത്.

ഗയാനയില്‍ നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്നവരെ പരീക്ഷിച്ചേക്കും. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ബൗളിംഗില്‍ ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവരും അന്തിമ ഇലവനില്‍ എത്തുമെന്നാണ് സൂചന. മധ്യനിരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റു നോക്കുന്നു.

കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണത്തിന് കോലി മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. രാഹുല്‍ ചാഹര്‍ അന്തിമ ഇലവനില്‍ കളിച്ചാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തിരിക്കാനാണ് സാധ്യത. ശ്രേയസ് അയ്യര്‍ വരുമ്പോള്‍ മനീഷ് പാണ്ഡെയാവും പുറത്തുപോവുക.