തിരുവനന്തപുരം: രവീന്ദ്ര ജഡേജയെയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്സറിന് പറത്തി ഇന്ത്യയ്ക്ക് ഭീഷണിയായ ഷിമ്രോണ്‍ ഹെറ്റ്മെയറെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 14 പന്തില്‍ 23 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന ഹെറ്റ്മെയര്‍ ജഡേജ എറിഞ്ഞ പതിനാലാം ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ സിക്സറിന് പറത്തി.  നാലാം പന്തിലും സ്ട്രെയിറ്റ് ബൗണ്ടറിയിലൂടെ സിക്സറിന് ശ്രമിച്ച ഹെറ്റ്മെയറെ ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തി പറന്നുപിടിച്ചാണ് കോലി പുറത്താക്കിയത്.

പന്ത് കൈയിലൊതുക്കിയശേഷം ബൗണ്ടറി ലൈനിനരികില്‍ വീണ കോലിയുടെ ശരീരം ബൗണ്ടറി ലൈനില്‍ തട്ടിയോ എന്ന് സംശയുമുണ്ടായിരുന്നതിനാല്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു. എന്നാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടില്ലെന്ന് കോലിയ്ക്ക് ഉറപ്പായിരുന്നു. മൂന്നാം അമ്പയറുടെ പരിശോധനയിലും ശരീരം ബൗണ്ടറി ലൈനില്‍ തട്ടിയില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിറപ്പിച്ച ഹെറ്റ്മെയര്‍ തലകുനിച്ച് ഡ്രസ്സിംഗ് റൂമിലേക്ക്.

കോലിയുടെ ക്യാച്ചിനും പക്ഷെ കളി ഇന്ത്യക്ക് അനുകൂലമാക്കാനായില്ലെന്ന് മാത്രം. ഹെറ്റ്മെയര്‍ പുറത്തായശേഷമെത്തിയ നിക്കോളാസ് പുരാന്‍ ചാഹലിനെ സിക്സറടിച്ചാണ് അക്കൗണ്ട് തുറന്നത്. പിന്നാലെ സിമണ്‍സും ചാഹലിനെ ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയതോടെ ഇന്ത്യ കളി കൈവിട്ടുവെന്ന് കാണികള്‍ ഉറപ്പിച്ചു. വിശ്വസ്തനായ ഭുവനേശ്വറിനെ സിമണ്‍സും പുരാനും ചേര്‍ന്ന് അടുത്ത ഓവറില്‍ മൂന്ന് തവണ ബൗണ്ടറി കടത്തുകയും ചെയ്തതോടെ വിന്‍ഡീസ് അഥിവേഗം വിജയലക്ഷ്യത്തിനോടടുക്കുകയും ചെയ്തു.