റായ്പൂരിൽ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ-സിംബാബ്വെ വനിതാ ടി20 പരമ്പരയിൽ പുതിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കാവുന്ന പരമ്പരയിൽ 5000 ടി20 റൺസ് എന്ന ചരിത്രനേട്ടമാണ് സ്മൃതിയെ കാത്തിരിക്കുന്നത്.

റായ്പൂര്‍: ഇന്ത്യ-സിംബാബ്വെ വനിതാ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. റായ്പൂരില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പുതിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയ്ക്ക് കീഴില്‍ ജയിച്ച് തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സ്മൃതിയും ഷെഫാലി വര്‍മയും നല്‍കുന്ന തുടക്കം നിര്‍ണായകമാവും. ഹര്‍മന്‍പ്രീത് കൗറിന്റെ പരിചയസമ്പത്തും ദീപ്തി ശര്‍മ്മയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താവും. മലയാളി താരം മിന്നു മണി കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ഇന്ത്യ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. സമീപകാലത്ത് സ്ഥിരതയോടെ മികച്ച പ്രകടനം നടത്തിയ ആത്മവിശ്വാസത്തിലാണ് സിംബാബ്വെ. പരമ്പരയില്‍ മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണുള്ളത്.

അതേസമയം, ചരിത്രനേട്ടമാണ് ഓപ്പണര്‍ സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന നേട്ടത്തിലേക്ക് സ്മൃതിക്ക് ഇനി 133 റണ്‍സ് കൂടി മതി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഈ അപൂര്‍വ്വ നാഴികക്കല്ല് പിന്നിടാനുള്ള സുവര്‍ണാവസരമാണ് താരത്തിനുള്ളത്. 2013ല്‍ അരങ്ങേറ്റം കുറിച്ച മന്ദാന ഇതുവരെ 179 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നായി 31 ശരാശരിയിലും 127.47 സ്ട്രൈക്ക് റേറ്റിലും 4,867 റണ്‍സ് നേടിയിട്ടുണ്ട്.

രണ്ട് സെഞ്ചുറികളും 37 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. സിംബാബ്വെക്കെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണെന്നിരിക്കെ, മന്ദാനയ്ക്ക് ഈ ചരിത്രനേട്ടം സ്വന്തമാക്കാന്‍ മികച്ച സാധ്യതയുണ്ട്. സന്ദര്‍ശകര്‍ക്കെതിരെ മികച്ച തുടക്കം കുറിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുമ്പോള്‍, ബാറ്റിംഗ് നിരയിലെ മുന്‍നിരയില്‍ മന്ദാന നല്‍കുന്ന സ്ഥിരത നിര്‍ണായകമാകും. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി സ്മൃതി ചുമതലയേറ്റെടുക്കുന്ന പരമ്പര കൂടിയാണിത്.

ഐച്ചി-നാഗോയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമെഡല്‍ നിലനിര്‍ത്താന്‍ സഹായിച്ച ശേഷം ഈ മാസം ആദ്യം സ്ഥാനമൊഴിഞ്ഞ ഹര്‍മന്‍പ്രീത് കൗറിന് പകരക്കാരിയായാണ് മന്ദാന നയിക്കാന്‍ എത്തുന്നത്. വിമന്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച മികച്ച ക്യാപ്റ്റന്‍സി പരിചയസമ്പത്ത് മന്ദാനയ്ക്കുണ്ട്.

YouTube video player