വഡോദര: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. പരമ്പരയിലെ മൂന്ന് മത്സരവും വഡോദരയിലാണ് നടക്കുന്നത്. രാവിലെ ഒന്‍പത് മണിക്ക് കളി തുടങ്ങും. ട്വന്‍റി 20 പരമ്പര 3-1ന് നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍. മിതാലി രാജ് ആണ് വനിതാ ടീമിനെ നയിക്കുന്നത്.

ഇന്ത്യന്‍ ബാറ്റര്‍ സ്‌മൃതി മന്ദാനയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമാകും. പരിശീലനത്തിനിടെ ഉപ്പൂറ്റിക്കേറ്റ പരിക്ക് കാരണമാണ് പിന്മാറ്റം. രണ്ട് ദിവസം മുന്‍പാണ് സ്‌മൃതിക്ക് പരിക്കേറ്റതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ സ്‌മൃതിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളില്‍ 46 റൺസ് മാത്രമാണ് സ്‌മൃതി നേടിയിരുന്നത്.

സ്‌മൃതിയുടെ ഉപ്പൂറ്റിക്ക് പൊട്ടലുണ്ടെന്നും ദീര്‍ഘകാലത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കായി 50 ഏകദിനങ്ങളില്‍ കളിച്ച സ്‌മൃതി 1951 റൺസ് നേടിയിട്ടുണ്ട്.
നാല് സെഞ്ചുറിയും സ്‌മൃതി നേടിയിട്ടുണ്ട്.