തിരുവനന്തപുരം:കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ്‌വില്‍പ്പന തുടങ്ങി. നടന്‍ മമ്മൂട്ടി ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. സ്വന്തം നാട്ടിൽ കളിക്കാൻ കഴിയുന്നത് സ്വപ്ന തുല്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ പറഞ്ഞു.

ഇന്ത്യൻ ടീമിൽ ഇടം നേടിയ സഞ്ജു സാംസണും ഈ സെലക്ഷൻ സ്വപ്ന തുല്യമാണ്.സ്വന്തം നാട്ടിൽ സഞ്ജു സാംസണ്‍ ഇറങ്ങിയാൽ ആരാധകർക്ക് അത് ഇരട്ടിമധുരമാകും.കാര്യവട്ടത്ത് പാഡണിയുമോ എന്ന ചോദ്യത്തിന് സ‌ഞ്ജു സാംസണ്‍ പ്രതീക്ഷ കൈവിട്ടില്ല.

ഇന്ത്യ വിൻഡീസ് പോരാട്ടം വീണ്ടും തലസ്ഥാനത്തെത്തുമ്പോൾ എല്ലാത്തരം ആരാധകരെയും മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്കുകൾ.1000 മുതൽ 5500 രൂപവരെയാണ് ടിക്കറ്റ് നിരക്കുകൾ.വിദ്യാർത്ഥികൾക്ക് 500 രൂപക്ക് അപ്പർ പവലിയൻ ടിക്കറ്റ് നൽകും. ഒരാള്‍ക്ക് ഒരുഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക്‌ചെയ്യാം.