ജോര്‍ജ്ടൗണ്‍: ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴ് മുതല്‍ ഗയാനയിലാണ് മത്സരം. ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. ലോകകപ്പ് സെമി തോല്‍വിക്ക് ശേഷം ആദ്യ ഏകദിനത്തിനിറങ്ങുമ്പോള്‍ മധ്യനിരയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് സ്ഥാനത്ത് ശിഖര്‍ ധവാന്‍ തിരിച്ചെത്തും. ഇതോടെ കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കും. അവസാന ടി20യില്‍ ഫോമിലായതോടെ ഋഷഭ് പന്തിനും ടീമില്‍ സ്ഥാനം ഉറപ്പായിട്ടുണ്ട്. ശേഷിച്ച സ്ഥാനങ്ങള്‍ക്കായി കേദാര്‍ ജാദവ്, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍ എന്നിവര്‍ തമ്മിലായിരിക്കും മത്സരം. ടി20 പരമ്പരയില്‍ അവസരം കിട്ടാതിരുന്ന ഏകതാരമാണ് അയ്യര്‍. 

ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം നവദീപ് സൈനി അരങ്ങേറ്റം കുറിച്ചേക്കും. മൂന്ന് കളിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സൈനിയുടെ പ്രകടനത്തില്‍ കോലിയും തൃപ്തനാണ്. 

വിന്‍ഡീസ് നിരയില്‍ എല്ലാകണ്ണുകളും ക്രിസ് ഗെയ്‌ലിലാണ്. ലോകകപ്പിനിടെ വിരമിക്കല്‍ തീരുമാനം മാറ്റിയ ഗെയ്‌ലിന്റെ അവസാന പരമ്പരയാണിത്. ലോകകപ്പ് ടീമിലില്ലാതിരുന്ന ജോണ്‍ കാംപല്‍, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍ എന്നിവരും ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് നിരയില്‍ ഉണ്ട്.