മുംബൈ: ഈ വര്‍ഷം അവസാം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണെന്ന് വ്യക്തമാക്കി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയതോടെ ഓസീസ് കൂടുതല്‍ കരുത്തരായെന്നും മക്‌ഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-1 ജയം നേടിയ ഇന്ത്യ 71 വര്‍ഷത്തിനുശേഷം ആദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ടിരുന്ന വാര്‍ണറും സ്മിത്തും ഇല്ലാതെയാണ് അന്ന് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങിയത്. ഓസ്ട്രേലിയ മികച്ച ക്രിക്കറ്റാണ് പുറത്തെടുക്കുന്നതെന്ന് മക്‌ഗ്രാത്ത് പറഞ്ഞു.

നാട്ടിലെ സാഹചര്യങ്ങളില്‍ വാര്‍ണറെ പോലൊരു ബാറ്റ്സ്മാന്റെ മികവ് നമ്മള്‍ കണ്ടതാണ്. സ്റ്റീവ് സ്മിത്ത് കൂടി ചേരുന്നതോടെ ഓസീസ് കൂടുതല്‍ കരുത്തരാകും. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എളുപ്പമാകില്ല. ഇന്ത്യക്ക് അതിന് കഴിയില്ല എന്ന് പറയുന്നില്ല. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യക്കിപ്പോള്‍ നല്ലപോലെ അറിയാം. അവിടെ എങ്ങനെ കളിക്കണമെന്നും. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടമായിരിക്കും പരമ്പരയിലുണ്ടാവുകയെന്നും മക്‌ഗ്രാത്ത് പറഞ്ഞു.

പരിക്കിനുശേഷം ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്ന ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെയും മക്‌ഗ്രാത്ത് പ്രശംസിച്ചു. ഹര്‍ദ്ദിക്കിനെപ്പോലുള്ള താരങ്ങളുള്ളത് ഏത് ടീമിനും മുതല്‍ക്കൂട്ടാണെന്നും മക്‌ഗ്രാത്ത് പറഞ്ഞ‌ു.