ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ച് റണ്‍സ് തോല്‍വി.
ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ച് റണ്‍സ് തോല്‍വി. കെന്നിംഗ്ടണ്‍ ഓവലില്‍, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ സോഫിയ ഡങ്ക്‌ലി (75), വ്യാറ്റ് ഹോഡ്ജ് (66) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. അരുന്ധതി റെഡ്ഡി, ദീപ്തി ശര്‍മ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീ ചരണിക്ക് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്മൃതി മന്ദാന (56), ഷെഫാലി വര്‍മ (47) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ലോറന്‍ ഫില്ലര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ലേക്ക് എത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്മൃതി - ഷെഫാലി ഓപ്പണിംഗ് സഖ്യം ഒന്നാം വിക്കറ്റില്‍ 85 റണ്‍സ് ചേര്‍ത്തു. ഒമ്പത് ഓവര്‍ വരെ ഇരുവരും ക്രീസില്‍ തുടര്‍ന്നു. ഷെഫാലിയെ പുറത്താക്കി സോഫി എക്ലെസ്റ്റോണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. 25 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (15 പന്തില്‍ 20) സ്മൃതിക്കൊപ്പം 38 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി.
എന്നാല്‍ ജമീമയേയും മന്ദാനയേയും പുറത്താക്കി ഫില്ലര്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. റിച്ച ഘോഷ് (7) പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ 12 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ (23) അവസാന പന്തില്‍ പുറത്തായി.
നേരത്തെ, ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ഒന്നാം വിക്കറ്റില്‍ ഡങ്ക്‌ലി - ഹോഡ്ജ് സഖ്യം 137 റണ്‍സാണ് ചേര്‍ത്തത്. 16-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്ക് സാധിച്ചത്. തുടര്‍ന്നെത്തിയവരില്‍ സോഫിയ എക്ലെസ്റ്റോണിന് (10) മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ആലീസ് ക്യാപ്‌സി (2), പെയ്ജ് ഷോള്‍ഫീല്‍ഡ് (4), എമി ജോണ്‍സ് (0), ബ്യൂമോണ്ട് (2), ഇസി വോംഗ് (0), ഫില്ലര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചാര്‍ലി ഡീന്‍ (6), ലോറന്‍ ബെല്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

