സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ വമ്പന്‍ ജയവുമായി ഇന്ത്യന്‍ വനിതകള്‍. സെന്‍റ് ലൂസിയയില്‍ ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന- ഷെഫാലി വര്‍മ്മ സഖ്യത്തിന്‍റെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 84 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ അ‍ഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഷെഫാലി വര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 185 റണ്‍സെടുത്തു. ഓപ്പണിംഗില്‍ 143 റണ്‍സ് കൂട്ടിച്ചേര്‍ത്ത സ്‌മൃതിയും ഷെഫാലിയുമാണ് ഇന്ത്യക്ക് കരുത്തായത്. ടി20യില്‍ ഏത് വിക്കറ്റിലെയും ഇന്ത്യന്‍ താരങ്ങളുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഷെഫാലി 49 പന്തില്‍ 73ഉം സ്‌മൃതി 46 പന്തില്‍ 67 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 13 പന്തില്‍ 21 റണ്‍സും വേദ കൃഷ്‌ണമൂര്‍ത്തി ഏഴ് പന്തില്‍ 15 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 

ഇന്ത്യന്‍ വനിതകള്‍ മുന്നോട്ടുവെച്ച കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ വിന്‍ഡീസിന് തുടക്കത്തിലെ അടിപതറി. 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കാംബെല്ലെക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഇതോടെ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 101 റണ്‍സ് മാത്രമാണ് അവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ത്യക്കായി ശിഖ പാണ്ഡെയും രാധ യാദവും പൂനം യാദവും രണ്ട് വീതവും ദീപ്‌തി ശര്‍മ്മയും പൂജ വസ്‌ത്രാക്കറും ഓരോ വിക്കറ്റും നേടി.