മുംബൈ:  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ഡേ നൈറ്റ് ടെസ്റ്റിന് ഇറങ്ങുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ വനിതാ ടീം ആദ്യമായി പിങ്ക് പന്തില്‍ ഡേ നൈറ്റ് ടെസ്റ്റിനിറങ്ങുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

വനിതാ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെതന്നെ രണ്ടാമത്തെ മാത്രം ഡേ നൈറ്റ് ടെസ്റ്റുമായിരിക്കും ഇത്. 2017ല്‍ സിഡ്നിയില്‍ ഇംഗ്ലണ്ടും-ഓസ്ട്രേലിയയും തമ്മിലായിരുന്നു വനിതകളിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്.  2006നുശേഷം ഇന്ത്യ ഓസ്ട്രേലിയയില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാകും ഇത്. ഇരുടീമുകളും തമ്മില്‍  ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ ഓസ്ട്രേലിയ നാലെണ്ണം ജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയായി.

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരെ കൂടി ഇറങ്ങുന്നതോടെ 2014നുശേഷം ആദ്യമായി ഒറു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ടെസ്റ്റുകള്‍ കളിക്കുന്നു എന്ന പ്രത്യകതയുമുണ്ട്. ഇംഗ്ലണ്ടിനെതിരെ അടുത്തമാസം 16ന് ബ്രിസ്റ്റോളിലാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ ടെസ്റ്റ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന ടി20 വനിതാ ലോകകപ്പ് ഫൈനലിന് പിന്നാലെ കൊവിഡ് വ്യാപകമായതോടെ മത്സരങ്ങളില്ലാതിരുന്ന ഇന്ത്യന്‍ വനിതാ ടീം ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് വീണ്ടും കളത്തിലിറങ്ങിയത്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന്‍റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ടി20 ചലഞ്ചിലും ഇന്ത്യന്‍ വനിതാ താരങ്ങള്‍ കളിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona