Asianet News MalayalamAsianet News Malayalam

പിങ്ക് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യന്‍ വനിതകള്‍

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സ്മൃതി മന്ദാന 51 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ ഷഫാലിയുടെ വിക്കറ്റ് നഷ്ടമായശേഷം കരുതലോടെ ബാറ്റുവീശിയ മന്ദാന 144 പന്തില്‍ 15 ഫോറും ഒരു സിക്സും പറത്തിയാണ് 80 റണ്‍സെടുത്തത്. ഷഫാലിയെ മൂന്ന് തവണ കൈവിട്ട ഓസീസ് ഫീല്‍ഡര്‍മാരും ഇന്ത്യയെ കൈയയച്ച് സഹായിച്ചു.

India women vs Australia women Pink ball Test: Smriti Mandhana shine, India on top day one
Author
Canberra ACT, First Published Sep 30, 2021, 7:34 PM IST

കാന്‍ബറ: ഓസ്ട്രേലിയ(Australia)ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിൽ(Pink Ball Test) ഇന്ത്യന്‍ വനിതകള്‍ക്ക്(India Women) മികച്ച തുടക്കം. മഴയും ഇടിമിന്നലും കാരണം കളി നിര്‍ത്തി വയ്ക്കുമ്പോള്‍ , ഇന്ത്യ ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ്. 31 റൺസെടുത്ത ഷഫാലി വര്‍മ്മ (Shafali Verma)പുറത്തായി. 80 റൺസുമായി സ്മൃതി മന്ദാനയും(Smriti Mandhana) 16 റൺസോടെ പൂനം റാവത്തും(Punam Raut ) ആണ് ക്രീസിൽ.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാന-ഷഫാലി വര്‍മ സഖ്യം 93 റണ്‍സടിച്ച് മികച്ച തുടക്കമിട്ടു. 31 റണ്‍സെടുത്ത ഷഫാലിയെ മോളിനെക്സിന്‍റെ പന്തില്‍ താഹില മക്‌ഗ്രാത്ത് പിടികൂടി. പിന്നീടെത്തിയ പൂനം റാവത്ത് സ്മൃതിക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ആദ്യ ദിനം മികച്ച സ്കോറിലെത്തി. മഴയും ഇടിമിന്നലും മൂലം ആദ്യദിനം 44.1 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സ്മൃതി മന്ദാന 51 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ ഷഫാലിയുടെ വിക്കറ്റ് നഷ്ടമായശേഷം കരുതലോടെ ബാറ്റുവീശിയ മന്ദാന 144 പന്തില്‍ 15 ഫോറും ഒരു സിക്സും പറത്തിയാണ് 80 റണ്‍സെടുത്തത്. ഷഫാലിയെ മൂന്ന് തവണ കൈവിട്ട ഓസീസ് ഫീല്‍ഡര്‍മാരും ഇന്ത്യയെ കൈയയച്ച് സഹായിച്ചു.

ഇന്നിംഗ്സിനിടെ മന്ദാന, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4500 റൺസ് തികച്ചു. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍, പകല്‍-രാത്രി ടെസ്റ്റിൽ കളിക്കുന്നത്. 15 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഓസ്ട്രേലിയയുമായി ടെസ്റ്റ് കളിക്കുന്നത്.

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ വനിതകള്‍ വീരോചിത സമനില സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios