ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ് വനികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ഗയാനയിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.

22 റണ്‍സ് നേടിയ കിഷോണ നൈറ്റാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അനുജ പാട്ടീല്‍ മൂന്ന് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രാധ യാദവ്, പൂനം യാദവ്, പൂജ വസ്ട്രകര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, ജമീമ റോഡ്രിഗസ് (56 പന്തില്‍ 50), വേദ കൃഷ്ണമൂര്‍ത്തി (48 പന്തില്‍ പുറത്താവാതെ 57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (9), സ്മൃതി മന്ഥാന (7), എന്നിവര്‍ക്ക് തിളങ്ങാനായില്ല. വസ്ട്രകര്‍ (0) പുറത്താവാതെ നിന്നു.