വഡോദര: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. വഡോദരയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 45.1 ഓവറില്‍ 164ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ പ്രിയ പൂനിയ (പുറത്താവാതെ 75), ജമീമ റോഡ്രിഗസ് (55) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിയയാണ് മത്സരത്തിലെ താരം.

ഒന്നാം വിക്കറ്റില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് പ്രിയ- ജമീമ സഖ്യം പടുത്തുയര്‍ത്തിയത്. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പ്രിയയുടെ ഇന്നിങ്‌സ്. ജമീമ ഏഴ് ഫോര്‍ നേടി. ജമീമയ്ക്ക് പുറമെ 16 റണ്‍സെടുത്ത പൂനം റാവത്തിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ മിതാലി രാജ് (11) പ്രിയക്കൊപ്പം പുറത്താവാതെ നിന്നു. 

നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ജുലന്‍ ഗോസ്വമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ശിഖ പാണ്ഡെ, എക്ത ബിഷ്ട്, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 54 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.