കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ സന്ദര്‍ശകരെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പരമ്പരയിലെ ആദ്യ മത്സരം വിന്‍ഡീസും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു.

അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമാണ് മധ്യനിരയുടെ നിരുത്തവാദിത്വം കാരണം അവസാന ഓവറുകളിലേക്ക് നീങ്ങിയത്. രോഹിത് ശര്‍മ (63), കെ എല്‍ രാഹുല്‍ (77), വിരാട് കോലി (85) എന്നീ മുന്‍നിര താരങ്ങളാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ (7), ഋഷഭ് പന്ത് (7), കേദാര്‍ ജാദവ് (9) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വിജയം അവസാന ഓവറുകളിലേക്ക് നീണ്ടും. രവീന്ദ്ര ജഡേജ (31 പന്തില്‍ 39), ഷാര്‍ദുല്‍ ഠാകൂര്‍ (6 പന്തില്‍ 17) എന്നിവരുടെ അവസരോചിത ഇന്നിങ്‌സ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചു.  വിന്‍ഡീസിനായി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. രോഹിത്- രാഹുല്‍ സഖ്യം 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അധികം നില്‍ക്കാതെ രാഹുല്‍ പവലിയനില്‍ തിരിച്ചെത്തി. അല്‍സാരി ജോസഫിന്റെ പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച്. അയ്യരെ കീമോ പോള്‍ മടക്കിയപ്പോള്‍ പന്ത് പോളിന്റെ തന്നെ ബൗളിങ്ങില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. ജാദവിനെ ഒരു ഉഗ്രന്‍ യോര്‍ക്കറില്‍ ഷെല്‍ഡണ്‍ കോട്ട്‌റെല്‍ തിരിച്ചയച്ചു. ഇതിനിടെ കോലിയും മടങ്ങിയത് ഇന്ത്യയെ തെല്ലൊന്ന് സമ്മര്‍ദ്ദത്തിലാക്കി. മികച്ച ഫോമില്‍ കളിച്ച കോലിയെ കീമോ പോള്‍ ബൗള്‍ഡാക്കുകയായിരുന്നു.

പിന്നാലെയായിരുന്നു ഠാകൂറിന്റെ അപ്രതീക്ഷിത പ്രകടനം. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. താരത്തിന് ജഡേജയുടെ പിന്തുണ കൂടിയായപ്പോള്‍ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പൂരന്‍, പൊള്ളാര്‍ഡ് എന്നിവരുടെ കൂട്ടുകെട്ട് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച നവ്ദീപ് സൈനി രണ്ട് വിക്കറ്റ് നേടി. 

വിന്‍ഡീസിന് 15ാം ഓവറില്‍ എവിന്‍ ലൂയിസിനെ (21) നഷ്ടമാവുമ്പോല്‍ 57 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. ജഡേജയുടെ പന്തില്‍ സൈനിക്ക് ക്യാച്ച് നല്‍കിയാണ് ലൂയിസ് മടങ്ങിയത്. പിന്നാലെ ഷായ് ഹോപ്പും (42) പവലിയനില്‍ തിരിച്ചെത്തി. റോസ്റ്റണ്‍ ചേസ് (38)- ഷിംറോണ്‍ ഹെറ്റ്മയേര്‍ (37) എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഹെറ്റ്മയേറെ കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ച് സൈനി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ചേസിന്റെ വിക്കറ്റ് പിഴുതെടുത്ത് സൈനി വീണ്ടും ഇന്ത്യക്ക് ആശ്വാസമായി. 

എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പൂരന്‍- കീറണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ കൂട്ടുക്കെട്ട് സന്ദര്‍കരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൂരന്‍ താക്കൂറിന്റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 64 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്‌സ്. പൊള്ളാര്‍ഡിനൊപ്പം ജേസണ്‍ ഹോള്‍ഡര്‍ (7) പുറത്താവാതെ നിന്നു.

സൈനിക്ക് പുറമെ ഷാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.