Asianet News Malayalam

ഇഷാന്‍ തുടങ്ങിവച്ചു, കോലി തീര്‍ത്തു; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 ഇന്ത്യക്ക്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്് നിശ്ചി ഓവറില്‍ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

India won second t20 vs England by seven wickets
Author
Ahmedabad, First Published Mar 14, 2021, 10:40 PM IST
  • Facebook
  • Twitter
  • Whatsapp

അഹമ്മദാബാദ്: ഇഷാന്‍ കിഷന്റെ വെടിക്കെട്ട് അരങ്ങേറ്റം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. റിഷഭ് പന്തിന്റെ കാമിയോ റോള്‍. ഇതെല്ലാംകൂടിയായപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ ജയം ഏഴ് വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്് നിശ്ചി ഓവറില്‍ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി20യില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സാം കറന്‍ എറിഞ്ഞ ആദ്യ ഓവറിന്റെ അവസാന പന്തില്‍ കെ എല്‍ രാഹുല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ പൂരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇഷാന്‍ വരവറിയിച്ചു. 32 പന്തുകള്‍ മാത്രം നേരിട്ട താരം 56 റണ്‍സ് നേടി. നാല് സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്്‌സ്. കോലിക്കൊപ്പം 94 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.

ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. സ്ഥാനക്കയറ്റം കിട്ടിയ റിഷഭ് പന്താണ് പിന്നാലെ ക്രീസിലെത്തിയത്. അവസരം ശരിക്കും മുതലാക്കിയ പന്ത് കേവലം 13 പന്തില്‍ നിന്ന് 26 അടിച്ചെടുത്തു. രണ്ട് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ക്രിസ് ജോര്‍ദാന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.

ഇതിനിടെ കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ടി20 കരിയറില്‍ താരത്തിന്റെ 26-ാം അര്‍ധ സെഞ്ചുറിയാണിത്. മോശം ഫോമില്‍ കളിക്കുന്ന കോലിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്നിങ്്‌സ്. നേരത്തെ 10 റണ്‍സില്‍ നില്‍ക്കെ കോലി നല്‍കിയ അവസരം ബട്‌ലര്‍ നഷ്്ടമാക്കിയിരുന്നു. ശ്രേയസ് അയ്യര്‍ (8) കോലിക്കൊപ്പം ഒരറ്റത്ത് ഉറച്ച് നിന്നപ്പോള്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി. 49 പന്തില്‍ നിന്നാണ് കോലി പുറത്താവാതെ 73 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടും. 

നേരത്തെ ജേസണ്‍ റോയ് (46) പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്.  വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോസ് ബട്‌ലറെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

മൂന്നാമനായി ക്രീസിലെത്തിയ ഡേവിഡ് മലാന്‍ (24) റോയ്‌ക്കൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ മുന്നോട്ട് നീങ്ങി. ഇരുവുരം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ജോണി ബെയര്‍സ്‌റ്റോയും (20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതിനിടെ റോയ് പവലിയനില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദറിന് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച്.  

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (28), ബെന്‍ സ്‌റ്റോക്‌സ് (24) എന്നിവര്‍ അവസാന ഓവറുകളില്‍ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. സാം കറന്‍ (6), ക്രിസ് ജോര്‍ദാന്‍ (0) പുറത്താവാതെ നിന്നു. സുന്ദര്‍, താക്കൂര്‍ എന്നിവര്‍ക്ക് പുറമെ ഭുവനേശ്വര്‍ കുമാര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. 

മോശം ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്‍ പുറത്തായി. ധവാന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും സ്ഥാനം നഷ്ടമായി. സൂര്യകുമാര്‍ യാദവാണ് പകരം വന്നത്. ഇരുവര്‍ക്കും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റമാണ്. രണ്ട് താരങ്ങള്‍ക്കും ക്യാപ്റ്റന്‍ വിരാട് കോലി തൊപ്പി കൈമാറി.

Follow Us:
Download App:
  • android
  • ios