പുനെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പൂനെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍  ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ജയമൊരുക്കിയത്. നവ്ദീപ് സൈനി മൂന്നും ഷാര്‍ദുല്‍ ഠാകൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 57 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോര്‍. നേരത്തെ കെ എല്‍ രാഹുല്‍ (54), ശിഖര്‍ ധവാന്‍ (52), മനീഷ് പാണ്ഡെ (18 പന്തില്‍ 31), ഷാര്‍ദുല്‍ ഠാകൂര്‍ (8 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ഏറെ കാലത്തിന് ശേഷം ദേശീയ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി. ലക്ഷന്‍ സന്ധാകന്‍ ലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയി്ല്‍ ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ഇന്‍ഡോറില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. 

പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് ലങ്കന്‍ മുന്‍നിര, പിന്നാലെ തകര്‍ച്ച

ധനുഷ്‌ക ഗുണതിലകെ (1), ആവിഷ്‌ക ഫെര്‍ണാണ്ടോ (9), ഒഷാഡ ഫെര്‍ണാണ്ടോ (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ബൂമ്രയുടെ ആദ്യ ഓവറില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി ഗുണതിലക മടങ്ങി. തൊട്ടടുത്ത ഓവറില്‍ ഫെര്‍ണാണ്ടോ, ഠാകൂറിന്റെ പന്തില്‍ കീഴടങ്ങി. ശ്രയസ് അയ്യര്‍ക്കായിരുന്നു ക്യാച്ച്. ഒഷാഡയാവട്ടെ റണ്ണൗട്ടാവുകയായിരുന്നു. കുശാല്‍ പെരേര അധികം വൈകാതെ സൈനിയുടെ മനോഹരമായ യോര്‍ക്കറില്‍ വിക്കറ്റ് തെറിച്ച് മടങ്ങി. പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. ധനഞ്ജയയുടെ ഇന്നിങ്‌സ് പരാജയഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. എയഞ്ചലോ മാത്യൂസ് (31) തിരിച്ചുവരവില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. 

ഇന്ത്യയുടെ തുടക്കം രാഹുല്‍- ധവാന്‍ വെടിക്കെട്ടോടെ

കെ എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയ വെടിക്കെട്ട് തുടക്കം മുതലാക്കാനായില്ലെങ്കിലും ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കക്ക് 202 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 36 പന്തില്‍ 54 റണ്‍സെടുത്ത രാഹുലും 36 പന്തില്‍ 52 റണ്‍സെടുത്ത ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 97 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷര്‍ദ്ദുല്‍ ഠാക്കൂറും(8 പന്തില്‍ 22 നോട്ടൗട്ട്), മനീഷ് പാണ്ഡെയും(18 പന്തില്‍ 31 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്.

സഞ്ജുവിന്റെ ഒന്നൊന്നര വരവ്

സണ്ഡകന്റെ പന്തില്‍ ധവാന്‍ പുറത്തായപ്പോഴെ സഞ്ജു ക്രീസിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയത് സഞ്ജു തന്നെ. സണ്ഡകന്റെ ആദ്യ പന്ത് തന്നെ ലോംഗ് ഓഫിന് മുകളിലൂടെ സിക്‌സറിന് പറത്തിയ സഞ്ജുവിന്റെ പ്രകടനം കണ്ട് ക്യാപ്റ്റന്‍ വിരാട് കോലി പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹസരങ്കെയുടെ ഗൂഗ്ലി മനസിലാക്കുന്നതില്‍ പിഴച്ച സഞ്ജു നേരിട്ട രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് നിരാശയായി.

തിരിച്ചടിച്ച് ലങ്ക

സഞ്ജുവിനും ധവാനും പിന്നാലെ നിലയുറപ്പിച്ച രാഹുലിനെയും ശ്രേയസ് അയ്യരെയും(4) മടക്കി ലങ്ക തിരിച്ചടിച്ചു. ആറാമനായി എത്തിയ ക്യാപ്റ്റന്‍ വിരാട് കോലി 17 പന്തില്‍ 26 റണ്‍സെടുത്ത് സ്‌കോറിംഗ് വേഗം കൂട്ടിയെങ്കിലും റണ്ണൗട്ടായി. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും(0) നേരിട്ട ആദ്യ പന്തില്‍ വീണെങ്കിലും മനീഷ് പാണ്ഡെയുടെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെയും തകര്‍പ്പനടികള്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. ലങ്കക്കായി സണ്ഡകന്‍ മൂന്നും ഹസരങ്കയും കുമാരയും ഓരോ വികറ്റുകളും വീഴ്ത്തി.

മൂന്നാം മത്സരത്തില്‍ മുഖം മാറി ഇന്ത്യ

കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ഋഷഭ് പന്തിന് പകരം സഞ്ജു ടീമിലെത്തിയപ്പോള്‍ കുല്‍ദീപിന് പകരം യൂസ്വേന്ദ്ര ചാഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

ലങ്കന്‍ പേസര്‍ ഇസുരു ഉഡാന പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല. എന്നാല്‍ എയ്ഞ്ചലോ മാത്യൂസ്, ലക്ഷന്‍ സന്ധാകന്‍ എന്നിവര്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒരു മത്സരം ജയിച്ച് മുന്നിലാണ്. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ചാഹല്‍, ജസ്പ്രീത് ബുമ്ര, നവ്ദീപ് സൈനി.