യുവിയുടെ ഓള്‍ റൗണ്ട് പ്രകടനമില്ലായിരുന്നെങ്കില്‍ 2011ലെ ലോകകപ്പ് മാത്രമല്ല 2007ലെ ടി20 ലോകകപ്പും ഇന്ത്യ നേടില്ലായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. യുവരാജിനെ പോലൊരു കളിക്കാരന്‍ മുമ്പുണ്ടായിട്ടില്ല. പിന്നീടും ഉണ്ടായിട്ടില്ല. തലമുറകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് യുവിയെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

മുംബൈ: ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷികമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. 2011 ഏപ്രില്‍ രണ്ടിനായിരുന്നു നൂറ് കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് നുവാന്‍ കുലശേഖരക്കെതിരെ എം എസ് ധോണിയുടെ വിജയ സിക്സര്‍ പിറന്നത്. പന്ത്രണ്ടാം വാര്‍ഷികത്തില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം ധോണിയുടെ നായക മികവിനെയും വിജയ സിക്സിനെയും പുകഴ്ത്തുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒരു പേരുണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്.

മറ്റാരുമല്ല, 2011ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട യുവരാജ് സിംഗ് തന്നെ. യുവിയുടെ ഓള്‍ റൗണ്ട് പ്രകടനമില്ലായിരുന്നെങ്കില്‍ 2011ലെ ലോകകപ്പ് മാത്രമല്ല 2007ലെ ടി20 ലോകകപ്പും ഇന്ത്യ നേടില്ലായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. യുവരാജിനെ പോലൊരു കളിക്കാരന്‍ മുമ്പുണ്ടായിട്ടില്ല. പിന്നീടും ഉണ്ടായിട്ടില്ല. തലമുറകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് യുവിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ലോകകപ്പില്‍ കളിക്കുമ്പോള്‍ യുവിക്ക് ക്യാന്‍സറാണെന്ന് അറിയില്ലായിരുന്നു. ഇടക്കിടെ ചുമക്കുകയും വല്ലപ്പോഴും രക്തം തുപ്പുകയും ചെയ്യുമായിരുന്നു അവന്‍. ലോകകപ്പില്‍ ബാറ്റിംഗിനിടയില്‍ പോലും അവന് ഇടക്കിടെ ശക്തമായി ചുമക്കുമായിരുന്നു. പിന്നീടാണ് അത് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതെന്നും ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ഹൃദയഭേദകം! ഒറ്റക്കാലിലൂന്നി ക്രച്ചസിന്റെ സഹായത്തോടെ വില്യംസണ്‍; വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകം- വീഡിയോ

2011 ഏപ്രില്‍ രണ്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെയും വാംഖഡെയയും നിശബ്ദരാക്കി തുടക്കത്തിലെ ലസിത് മലിംഗ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും പുറത്താക്കി. ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ കോലിയെ ദില്‍ഷന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നതേയുണ്ടായിരുന്നുള്ളു.

പിന്നീടായിരുന്നു നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യ കിരീടത്തോട് അടുത്തത്. വിജയത്തിനടുത്ത് 97 റണ്‍സെടുത്ത ഗംഭീര്‍ പുറത്തായെങ്കിലും ധോണിയും യുവരാജും ചേര്‍ന്ന് 28 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഏകദിന ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ചു.